ഒരേസമയം ആകാശത്ത് തിളങ്ങി നിന്ന് നാല് ചന്ദ്രന്‍മാര്‍; അത്ഭുത കാഴ്ചയില്‍ കണ്ണുതള്ളി ലോകം

മോസ്‌കോ: ഒരേസമയം നാല് ചന്ദ്രന്‍മാര്‍ ആകാശത്ത് തിളങ്ങി നിന്ന അത്ഭുത കാഴ്ചയില്‍ കണ്ണുതള്ളി ലോകം. ഭൂമിയുടെ സ്വാഭാവിക ഉപഗ്രഹം പെട്ടെന്ന് പെരുകിയെന്ന പ്രതീതി ഉളവാക്കുന്ന ഈ ഭ്രമം പല കാഴ്ചക്കാരെയും സ്തബ്ധരാക്കി. റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ കണ്ട ഈ അപൂര്‍വ കാഴ്ചയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ‘പാരാസെലീന്‍’ എന്ന പ്രകൃതി പ്രതിഭാസമാണ് ആകാശത്തിലെ ഈ അത്ഭുത കാഴ്ചയ്ക്ക് പിന്നിലെന്ന് നാസ അറിയിച്ചു. ഒരു ചന്ദ്രന്‍ നാല് ചന്ദ്രന്മാരായി കാണപ്പെടുന്ന പ്രതിഭാസമാണ് ഇത്. അവിടുത്തെ കാലാവസ്ഥയാണ് ഇത്തരം പ്രതിഭാസത്തിന് കാരണം.

ശൈത്യകാലത്ത് സംഭവിക്കുന്ന ഒരു പ്രതിഭാസമാണ് പാരാസെലീന്‍. റഷ്യയില്‍ ഇപ്പോള്‍ കടുത്ത തണുപ്പാണ്. അതിനാല്‍ അന്തരീക്ഷത്തിലെ ജലാംശം തണുത്തുറഞ്ഞ് ഐസ് ക്രിസ്റ്റലുകളായി മാറിയിരിക്കുന്നു. ഇവ വളരെ നേര്‍ത്ത പാളിയായതിനാല്‍ നഗ്‌നനേത്രങ്ങള്‍ കൊണ്ട് എളുപ്പത്തില്‍ കാണാന്‍ കഴിയില്ല. ഇങ്ങനെയുള്ള കാലാവസ്ഥയില്‍ ചന്ദ്രരശ്മികള്‍ കടന്നുപോകുമ്പോഴാണ് ഈ പ്രതിഭാസം ഉണ്ടാകുന്നത്.

അന്തരീക്ഷത്തിലെ ഷഡ്ഭുജാകൃതിയിലുള്ള ഐസ് ക്രിസ്റ്റലുകളിലൂടെ പ്രകാശം കടന്നുപോകുമ്പോള്‍, അതിന്റെ കോണുകള്‍ക്കനുസരിച്ച് പ്രകാശത്തെ വളയ്ക്കുന്നു. ഇത് ചന്ദ്രന് സമീപം, അതേ ഉയരത്തില്‍ ചന്ദ്രനെപ്പോലെ തിളങ്ങുന്ന ഒരു ബിന്ദു സൃഷ്ടിക്കുന്നു. ഇതിന്റെ ഫലമായി, യഥാര്‍ത്ഥ ചന്ദ്രനോടൊപ്പം മറ്റ് ചന്ദ്രന്മാരെയും കാണാന്‍ സാധിക്കുന്നു.

ഇത്തരം അപൂര്‍വ പ്രതിഭാസങ്ങളില്‍ സാധാരണയായി രണ്ട് ചന്ദ്രന്മാരെയാണ് കാണാറുള്ളത്. ചിലപ്പോള്‍ ഒന്നില്‍ കൂടുതല്‍ ചന്ദ്രന്മാരും ഉണ്ടാകാം. റഷ്യയില്‍ ഇപ്പോള്‍ സംഭവിച്ചതും ഇതുതന്നെയാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഇതേ കാരണത്താല്‍ റഷ്യക്കാര്‍ക്ക് രാവിലെ രണ്ട് സൂര്യന്മാരെയും കാണാന്‍ കഴിഞ്ഞിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page