കളമശേരിയില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം സൂരജ് ലാമയുടേത് തന്നെ; ഡിഎന്‍എ പരിശോധനാ ഫലം പുറത്ത്

കൊച്ചി: കളമശ്ശേരി എച്ച്എംടിക്ക് സമീപം കണ്ടെത്തിയ അജ്ഞാത മൃതദേഹം കൊല്‍ക്കത്ത സ്വദേശി സൂരജ് ലാമയുടേത് തന്നെയെന്ന് സ്ഥിരീകരണം. മൃതദേഹ ഭാഗങ്ങളുടെ ഡിഎന്‍എ പരിശോധനാഫലം ലഭിച്ചു. രണ്ടുമാസത്തിനുശേഷമാണ് പരിശോധനാഫലം ലഭിക്കുന്നത്. പരിശോധന റിപ്പോര്‍ട്ട് പൊലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

ഇത്തരമൊരു സംഭവം കേരളത്തില്‍ നടന്നതില്‍ സങ്കടമുണ്ടെന്ന് ലാമയുടെ മകന്‍ സന്ദന്‍ ലാമ അറിയിച്ചു. കാത്തിരിപ്പ് അവസാനിച്ചെന്നും സംവിധാനങ്ങള്‍ക്കുണ്ടായത് ഗുരുതര വീഴ്ചയെന്നും സന്ദന്‍ ലാമ പ്രതികരിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളജിലാണ് ലാമയുടെ ശരീരഭാഗങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.

കളമശ്ശേരി എച്ച്എംടിക്ക് സമീപം ആളൊഴിഞ്ഞ കുറ്റിക്കാടു പോലുള്ള സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുണ്ടായിരുന്നു. തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയിലായതിനാല്‍ ഡിഎന്‍എ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ഇതിനായി സൂരജ് ലാമയുടെ മകനോട് കൊച്ചിയില്‍ എത്താന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു.

കുവൈത്തില്‍ നിന്നും നാടുകടത്തപ്പെട്ട് കൊച്ചി വിമാനത്താവളത്തിലെത്തിയ സൂരജ് ലാമയെ ഒക്ടോബര്‍ ആറാം തീയതി മുതല്‍ കാണാതാകുകയായിരുന്നു. കുവൈത്ത് മദ്യദുരന്തത്തിനിരയായി സൂരജ് ലാമയുടെ ഓര്‍മശക്തി നഷ്ടമായിരുന്നു. പിതാവിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മകന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഹൈക്കോടതി പരിഗണിച്ചിരുന്നു. മൃതദേഹത്തിന്റെ ഡിഎന്‍എ പരിശോധനാ ഫലം അടക്കം അറിയിക്കാന്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു.

ഒക്ടോബര്‍ അഞ്ചിന് കൊച്ചി നെടുമ്പാശ്ശേരിയിലെത്തിയ സൂരജ് ലാമ പിന്നീട് ആലുവ മെട്രോ സ്റ്റേഷനിലെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. പിന്നീട് കാക്കനാടിന് സമീപം സൂരജ് ലാമ അലഞ്ഞു നടക്കുന്നതായി നാട്ടുകാര്‍ പൊലീസിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് സൂരജ് ലാമയെ കാണാതാകുകയായിരുന്നു.

സൂരജ് ലാമയെ കണ്ടെത്താനായി ഹൈക്കോടതി നിര്‍ദേശ പ്രകാരം പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. അതിനിടെയാണ് അഴുകിയ നിലയില്‍ കളമശ്ശേരിയില്‍ ഒരു മൃതദേഹം കാണപ്പെടുന്നത്. മൃതദേഹത്തിന് സൂരജ് ലാമയുടെ ശരീരപ്രകൃതത്തിനോട് സാമ്യണ്ടെന്നും, എന്നാല്‍ ഡിഎന്‍എ അടക്കമുള്ള ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷമേ സൂരജ് ലാമയുടേതാണോയെന്ന് ഉറപ്പിക്കാനാകൂ എന്നും പൊലീസ് അന്നുതന്നെ വ്യക്തമാക്കിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page