തിരുവനന്തപുരം: നിയമസഭ വളപ്പില്‍ വച്ച് വാച്ച് ആന്റ് വാര്‍ഡില്‍ നിന്നും നേരിട്ട രസകരമായ അനുഭവം പങ്കുവച്ച് മുന്‍മന്ത്രിയും എംഎല്‍എയുമായ മാത്യു ടി തോമസ്. തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മാത്യു ടി തോമസ് താന്‍ നേരിട്ട അനുഭവത്തെ കുറിച്ച് പറഞ്ഞത്.
നിയമസഭയില്‍ ഔദ്യോഗിക വാഹനം പാര്‍ക്ക് ചെയ്തപ്പോഴാണ് സംഭവം. വാഹനം നിയമസഭാ കവാടത്തില്‍ എത്തിയപ്പോള്‍ അവിടെ ഉണ്ടായിരുന്ന വാച്ച് ആന്റ് വാര്‍ഡ് അംഗം വന്ന് വിനയത്തോടെ ഇവിടെ എംഎല്‍എമാരുടെ വാഹനങ്ങള്‍ മാത്രമേ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കൂ എന്ന് പറഞ്ഞു. ഇത് കേട്ട് അന്തംവിട്ടുപോയ താന്‍ നിയമസഭാംഗങ്ങളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പറ്റില്ലേ എന്നു തിരിച്ച് ചോദിച്ചപ്പോള്‍, എംഎല്‍എമാരുടെ വാഹനം മാത്രമേ പറ്റൂ എന്നായിരുന്നു മറുപടി.
ഈ സമയത്ത് തന്റെ ഡ്രൈവര്‍ വിഷ്ണു പറഞ്ഞ വാക്കുകള്‍ ഓര്‍ത്തുപോയെന്ന് മാത്യു ടി തോമസ് പറയുന്നു. എ.എല്‍.എ എന്ന് ഇംഗ്ലീഷില്‍ എഴുതിയാലേ ഒരു ഗമ ആവൂ എന്ന് വിഷ്ണു പല തവണ പറഞ്ഞിട്ടുണ്ട്. അത് എത്ര ശരിയാണെന്ന് ആ അവസരത്തില്‍ ബോധ്യപ്പെട്ടു. എന്നാല്‍ നിയമസഭയുടെ ഔദ്യോഗിക ഭാഷ സമിതിയുടെ അധ്യക്ഷന്‍ കൂടിയായ ഞാന്‍ ഡ്രൈവറുടെ വാക്കു കേള്‍ക്കാതെ ഇതിങ്ങനെ പോട്ടെ എന്ന് തീരുമാനിച്ചു- മാത്യു ടി തോമസ് പോസ്റ്റില്‍ കുറിച്ചു.






