കാസര്‍കോട്: പൊലീസില്‍ പരാതി നല്‍കിയ വിരോധത്തില്‍ മകന്‍ പിതാവിനെ ഹെല്‍മെറ്റ് കൊണ്ട് ആക്രമിച്ചതായി പരാതി. കുഞ്ചത്തൂര്‍, അര്‍വാര്‍ റോഡിലെ മുബാറക് മന്‍സിലില്‍ മുബാറക്ക് സുലൈമാന്‍ (46) നൽകിയ പരാതിയില്‍ മകന്‍ ഇബ്രാഹിം അഫ്‌സലിനെതിരെയാണ് മഞ്ചേശ്വരം പൊലീസ് കേസെടുത്തത്.
തിങ്കളാഴ്ച വൈകുന്നേരം 6.40 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരനെ തടഞ്ഞു നിര്‍ത്തി അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറഞ്ഞു. ഇതിനിടയില്‍ ഹെല്‍മറ്റ് കൊണ്ട് അടിച്ചുവെന്നും അക്രമത്തിനു കാരണമായത് മകന്‍ ഉപദ്രവിക്കുന്നതു സംബന്ധിച്ച് പൊലീസില്‍ പരാതിപ്പെട്ടതാണെന്നു പറയുന്നു.






