ദീപം പകര്‍ന്നു; 18 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ക്ലായിക്കോട് മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ടത്തിന് തുടക്കം

ചെറുവത്തൂര്‍: ദീപം പകര്‍ന്നു, 18 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ക്ലായിക്കോട് മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ടത്തിന് ഭക്തിനിര്‍ഭരമായ തുടക്കം. കുട്ടമത്ത് മഠത്തില്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്ന് ചങ്ങലവട്ടയിലും കുത്തുവിളക്കിലും പകര്‍ന്നുനല്‍കിയ ദീപം ക്ഷേത്ര വാല്യക്കാരും സ്ഥാനികരും ചേര്‍ന്ന് ക്ലായിക്കോട് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെത്തിച്ച് പള്ളിയറയ്ക്ക് അകത്തുള്ള വിളക്കിലേക്ക് പകര്‍ന്നതോടെ പെരുങ്കളിയാട്ടത്തിന് തുടക്കമിട്ടു.

മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന പെരുങ്കളിയാട്ടത്തില്‍ ഇന്ന് പുലിയൂര്‍ കണ്ണന്‍, ചെക്കിപ്പാറ ഭഗവതി, രക്തചാമുണ്ഡി, വിഷ്ണുമുൂര്‍ത്തി, എരോത്ത് ചാമുണ്ഡി, കുണ്ടോര്‍ ചാമുണ്ഡി, കണ്ണങ്ങാട്ട് ഭഗവതി, പുലിയൂര്‍കാളി, കുറത്തിയമ്മ എന്നീ തെയ്യങ്ങള്‍ അരങ്ങിലെത്തും. വൈകിട്ട് മുച്ചിലോട്ട് ഭഗവതിയുടെ ഉച്ചത്തോറ്റം, പുലിയൂര്‍ കണ്ണന്‍ ദൈവത്തിന്റെ വെള്ളാട്ടം, രാത്രി മുച്ചിലോട്ട് ഭഗവതിയുടെ അന്തി തോറ്റം, കണ്ണങ്ങാട്ട് ഭഗവതി, പുലിയൂര്‍ കാളി, എരോത്ത് ചാമുണ്ഡി, ചെക്കിപ്പാറ ഭഗവതി, രക്ത ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, കുറത്തിയമ്മ തെയ്യങ്ങളുടെ തോറ്റവും നടക്കും.

തെയ്യം കാണാനെത്തുന്നവര്‍ക്ക് എല്ലാദിവസവും വിഭവ സമൃദ്ധമായ ഭക്ഷണം ഒരുക്കാന്‍ വിപുലമായ സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ക്ലായിക്കോട് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങള്‍ക്കായി വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ കെ.എസ്.ആര്‍ ബെംഗളൂരു എക്‌സ്പ്രസിന് ചെറുവത്തൂരില്‍ താല്‍ക്കാലിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. 16511 ബെംഗളൂരു കണ്ണൂര്‍ എക്‌സ്പ്രസ് 5 നും ആറിനും രാവിലെ 9.03 നും 16512 കണ്ണൂര്‍ ബെംഗ്ലൂര്‍ എക്‌സ്പ്രസ് 6,7 തീയതികളില്‍ വൈകിട്ട് 5.39 നും ചെറുവത്തൂര്‍ സ്റ്റേഷനില്‍ നിര്‍ത്തും. ഒരു മിനിറ്റാണ് വണ്ടിക്ക് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page