തിരുവനന്തപുരം: കേന്ദ്ര ബജറ്റിനെതിരെ സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി ഭാരവാഹികള്‍ വിമര്‍ശിച്ചു. കേന്ദ്ര ബജറ്റ് നിരാശാജനമാണെന്ന് സംസ്ഥാന ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. എല്ലാ മേഖലയിലേയും കേരളത്തെ തഴഞ്ഞു.
ബജറ്റ് കേരളത്തോട് കടുത്ത അവഗണനയും വിവേചനവുമാണ് കാട്ടിയതെന്ന് മന്ത്രി പി രാജീവ് പ്രതികരിച്ചു. കേരള വികസനം ആമയുടെ വേഗത്തില്‍ മതി എന്നാണ് കേന്ദ്രരീതി എന്ന് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍ എംപി പറഞ്ഞു. ധനമന്ത്രിക്ക് പോലും ബോറഡിച്ച ബജറ്റ് ആണ് അവര്‍ അവതരിപ്പിച്ചതെന്ന് അദ്ദേഹം പരിഹസിച്ചു.
കേന്ദ്രബജറ്റില്‍ പൊള്ളയായ വാഗ്ദാനങ്ങളാണെന്നും ബജറ്റില്‍ കേരളത്തെ അവഗണിച്ചുവെന്നും സി.പി.ഐ നേതാവ് ബിനോയ് ബിശ്വം പറഞ്ഞു. അതേസമയം ധാതു ഇടനാഴി പ്രഖ്യാപനം കേരളത്തിന് ഗുണം ചെയ്യുമെന്ന് ആര്‍ എസ് പി നേതാവ് എന്‍കെ പ്രേമചന്ദ്രന്‍ എംപി പ്രതികരിച്ചു.
കെ റെയില്‍ വേണ്ടെന്ന് കേരളത്തെ അറിയിക്കാത്തത് തിരിച്ചടിയായെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍ പ്രതികരിച്ചു. സംസ്ഥാനം നിലപാട് കേന്ദ്രസര്‍ക്കാരിനെ അറിയിക്കണം അതിവേഗ റെയിലിന് ഇനിയും പ്രതീക്ഷയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രഖ്യാപനം ഉണ്ടാകില്ലെന്ന് അറിയാമായിരുന്നുവെന്നും ഇ ശ്രീധരന്‍ പറയുന്നു.
കേരളത്തിന് ആമയും തേങ്ങയും മാത്രമാണ് കിട്ടിയതെന്ന് ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു.
കഴിഞ്ഞ 11 ബജറ്റുകളില്‍ കേരളത്തിനുവേണ്ടി ഒട്ടേറെ പദ്ധതികള്‍ കേന്ദ്രം പ്രഖ്യാപിച്ചെങ്കിലും കേരളം അതൊന്നും നടപ്പാക്കിയില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടി. കേരളത്തിന് ബജറ്റില്‍ ഒന്നുമില്ലെന്ന പ്രചാരണം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.
ഇത്തവണത്തെ ബജറ്റില്‍ യുവാക്കള്‍ക്ക് വേണ്ടി ഒരുപാട് പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നു രാജീവ് ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടി. പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പാക്കണമെങ്കില്‍ എന്‍ഡിഎ സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരത്തില്‍ വരണമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതികള്‍ നടപ്പാക്കാത്തത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രിയോട് നിങ്ങള്‍ ചോദിക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.







