പീഡന ശ്രമത്തെ എതിര്‍ത്ത 13 കാരനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, ഇഷ്ടിക കൊണ്ട് മുഖം തകര്‍ത്തു; 21കാരന്‍ അറസ്റ്റില്‍

ഇന്‍ഡോര്‍: പീഡന ശ്രമത്തെ എതിര്‍ത്ത 13 കാരനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ 21കാരന്‍ അറസ്റ്റില്‍. പ്രദേശവാസിയായ റെഹാനെ (21) ആണ് പൊലീസ് അറസ്റ്റു ചെയ്തത്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കഴിഞ്ഞദിവസമാണ് സംഭവം. ലൈംഗികപീഡന ശ്രമം എതിര്‍ത്ത എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ കയര്‍ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചശേഷം ഇഷ്ടിക കൊണ്ട് മുഖം തകര്‍ത്തു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പിന്നീട് മൃതദേഹം കട്ടിലിലെ അറയിലേക്ക് മാറ്റി. സംശയിക്കാതിരിക്കാന്‍ അസുഖബാധിതയായ മുത്തശ്ശിയെ കട്ടിലിനു മുകളില്‍ കിടത്തി. കുട്ടിയുടെ വീടിന് 30 മീറ്റര്‍ അകലെയുള്ള ആറ് നില കെട്ടിടത്തിന്റെ ടെറസിനു മുകളില്‍ വച്ചാണ് കൊലപാതകം നടന്നത്. കൊലപാതകം മറച്ചുവയ്ക്കാന്‍ മൃതദേഹം പിന്നീട് നാലാം നിലയിലെ ഫ്‌ളാറ്റിലേക്ക് മാറ്റി. വെള്ളിയാഴ്ച രാത്രിയാണ് വീടിനു മുന്നില്‍ നിന്നും കുട്ടിയെ കാണാതായത്. പല സ്ഥലങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കുട്ടി അടുത്തുള്ള കെട്ടിടത്തിലേക്ക് കയറുന്നത് കണ്ടു. അവിടെ നടത്തിയ തിരച്ചിലില്‍ ടെറസില്‍ നിന്ന് കുട്ടിയുടെ ജാക്കറ്റ് കണ്ടെത്തി. ജാക്കറ്റ് പരിശോധിച്ചപ്പോള്‍ അതില്‍ രക്തക്കറ കണ്ടെത്തി. ഇതോടെയാണ് കൊലപാതകമാകാമെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്. ഇതിനിടെ റെഹാന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് അയാളെ ചോദ്യം ചെയ്തു. പരിശോധനയില്‍ റെഹാന്റെ കയ്യിലും കഴുത്തിലും പോറലുകള്‍ കണ്ടെത്തി. ഇക്കാര്യം ചോദിച്ചപ്പോള്‍ ജോലിസ്ഥലത്തെ യന്ത്രത്തില്‍ തട്ടിയുണ്ടായ പരുക്കാണെന്നാണ് പറഞ്ഞത്. തുടര്‍ന്ന് പൊലീസ് ജോലി സ്ഥലത്ത് അന്വേഷിച്ചപ്പോള്‍ കഴിഞ്ഞ നാല് മാസമായി റെഹാന്‍ ജോലിക്ക് പോയിട്ടില്ലെന്ന് അറിഞ്ഞു.

തുടര്‍ന്ന് റെഹാനെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്. മൃതദേഹം കട്ടിലിനുള്ളിലെ അറയില്‍ ഒളിപ്പിച്ചതായും റെഹാന്‍ വെളിപ്പെടുത്തി. തുടര്‍ന്ന് കട്ടിലിനടിയിലെ അറ തുറന്ന് പരിശോധിച്ചപ്പോള്‍ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ 13കാരന്റെ മൃതദേഹം കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ റെഹാനെ റിമാന്‍ഡ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page