ബജറ്റിനെക്കുറിച്ചു യുവാക്കളുമായി ധനകാര്യ മന്ത്രിയുടെ സംവാദം

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിനെക്കുറിച്ചു ഭാരതത്തിന്റെ ഭാവി വാഗ്ദാനങ്ങളായ വിദ്യാര്‍ഥികളുടെയുംയുവാക്കളുടെയും സങ്കല്‍പവും പ്രതീക്ഷയും കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ ആരായുന്നു. ബജറ്റ് അവതരണത്തിനുശേഷം മന്ത്രി ഇന്ത്യയിലുടനീളമുള്ള മുപ്പതോളം കോളേജ് വിദ്യാര്‍ത്ഥികളും യുവജനങ്ങളുമായി വൈകിട്ട് സംവദിക്കും.
സംവാദത്തിന്റെ ഭാഗമായി, കോളേജ് വിദ്യാര്‍ത്ഥികള്‍ ലോക്‌സഭാ ഗാലറിയില്‍ ഇരുന്ന് കേന്ദ്ര ബജറ്റിന്റെ തത്സമയ അവതരണത്തിന് സാക്ഷ്യം വഹിച്ചു. വര്‍ഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട പാര്‍ലമെന്ററി നടപടിക്രമങ്ങളിലൊന്ന് നേരിട്ട് കാണാനുള്ള അവസരം ഇതിലൂടെ അവര്‍ അനുഭവിച്ചു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കൊമേഴ്സ്, ഇക്കണോമിക്സ്, മെഡിക്കല്‍ , വൊക്കേഷണല്‍ കോഴ്സ് തുടങ്ങി വൈവിധ്യമാര്‍ന്ന അക്കാദമിക് മേഖലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ഇതില്‍ പങ്കെടുത്തത്.
കര്‍ത്തവ്യ ഭവന്‍ -1 ല്‍ സ്ഥിതി ചെയ്യുന്ന ധനകാര്യ മന്ത്രാലയവും വിദ്യാര്‍ത്ഥികള്‍ സന്ദര്‍ശിച്ചു. മന്ത്രാലയത്തിന്റെ പ്രവര്‍ത്തനം, നയരൂപീകരണ പ്രക്രിയകള്‍, രാഷ്ട്രനിര്‍മ്മാണത്തില്‍ വിവിധ സ്ഥാപനങ്ങളുടെ പങ്ക് എന്നിവയെക്കുറിച്ച് മനസ്സിലാക്കുന്നതിനു മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി അവര്‍ ആശയവിനിമയം നടത്തി.
തുടര്‍ന്ന് നിര്‍മല സീതാരാമന്‍ വിദ്യാര്‍ത്ഥികളുമായി കൂടിക്കാഴ്ച നടത്തുകയും ബജറ്റിലെ പ്രധാന മുന്‍ഗണനകള്‍, ഇന്ത്യയുടെ ഭാവിയിലേക്കുള്ള കാഴ്ചപ്പാടുകള്‍, യുവാക്കളില്‍ ഇത് ചെലുത്തുന്ന സ്വാധീനം എന്നിവയെക്കുറിച്ച് സ്വതന്ത്രമായ ചര്‍ച്ചയില്‍ ഏര്‍പ്പെടുകയും ചെയ്യും. ചര്‍ച്ചയ്ക്കിടെ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ആശയങ്ങളും അഭിലാഷങ്ങളും പങ്കുവെയ്ക്കുകയും യുവജനങ്ങളേയും രാജ്യത്തേയും സംബന്ധിച്ച അവരുടെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുകയും ചെയ്യും.
ധനകാര്യം, സാമ്പത്തിക ശാസ്ത്രം, ഭരണനിര്‍വ്വഹണം, ജനാധിപത്യ പ്രക്രിയകള്‍ എന്നിവയെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കൂടുതല്‍ അവബോധം വളര്‍ത്തുന്നതിനും ഇന്ത്യയുടെ സാമ്പത്തിക, പാര്‍ലമെന്ററി നടപടിക്രമങ്ങളില്‍ യുവജനങ്ങളുടെ അറിവോടെയുള്ളതും ക്രിയാത്മകവുമായ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.
ബജറ്റ് തയ്യാറാക്കുന്ന ഘട്ടത്തില്‍, വിവിധ പ്ലാറ്റ്ഫോമുകളിലൂടെ യുവജനങ്ങള്‍ ഉള്‍പ്പെടെയുള്ള പൗരന്മാരില്‍ നിന്ന് ധനകാര്യമന്ത്രി നിര്‍ദ്ദേശങ്ങള്‍ തേടിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page