കാസര്‍കോട്: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ സഹകരണ സംഘത്തില്‍ 4.76 കോടി രൂപ തട്ടിപ്പു നടത്തിയ കേസില്‍ നാലു പേരെ കൂടി അറസ്റ്റു ചെയ്തു. പള്ളിക്കരയിലെ അബൂബക്കര്‍ (61), പൈവളിഗെ ബായാറിലെ അബ്ദുല്‍ അസീസ് (55), ഏത്തടുക്കയിലെ ആരിഫ് (43), നെക്രാജെ മൗവ്വാറിലെ ഷംസുദ്ദീന്‍ (41) എന്നിവരെയാണ് കണ്ണൂര്‍ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്.
സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സംഘമാണിത്. തട്ടിപ്പുസംഘത്തെ വിവിധ സ്ഥലങ്ങളില്‍ തട്ടിപ്പു നടത്താന്‍ പറ്റിയ സ്ഥാപനങ്ങള്‍ കാണിച്ചു കൊടുക്കുകയും ഓരോ സ്ഥലത്തും തട്ടിപ്പ് എങ്ങനെ നടത്താമെന്ന് ആസൂത്രണം ചെയ്യുകയും ചെയ്തത് പള്ളിക്കരയിലെ അബൂബക്കറാണെന്നു പൊലീസ് സൂചിപ്പിച്ചു. ഇതിനു കൂട്ടു പ്രതികളില്‍ നിന്നു ലക്ഷക്കണക്കിനു രൂപ ഇയാള്‍ കൈപ്പറ്റിയതായും സൂചനയുണ്ട്. മറ്റു പ്രതികള്‍ വ്യാജ പേരുകളില്‍ സ്വര്‍ണ്ണം പണയപ്പെടുത്തി പണം തട്ടിയെന്നു സമ്മതിച്ചിട്ടുണ്ടെന്നു പറയുന്നു. ഇവരുടെ അറസ്റ്റോടെ ഈ കേസില്‍ പിടിയിലായവരുടെ എണ്ണം 15ആയി. ബാങ്ക് ലോക്കറില്‍ നിന്നു 332 പവന്‍ സ്വര്‍ണ്ണം തട്ടിയെടുത്ത സൊസൈറ്റി സെക്രട്ടറി കര്‍മ്മന്തൊടിയിലെ ബണ്ടാരകണ്ടം സ്വദേശി കെ. രതീശനാണ് ഒന്നാം പ്രതി. സ്വര്‍ണ്ണം പണയം വയ്ക്കാന്‍ സഹായിച്ച പള്ളിക്കരയിലെ ഫായിസ, പെരിയയിലെ ശഫീഖ്, ഭാര്യ ഫാത്തിമത്ത് താഹിറ, രതീശന്‍ പണം നല്‍കിയ ബേക്കല്‍ ഹദ്ദാദ് നഗറിലെ കെ. അഹമ്മദ് ബഷീര്‍, പറക്ലായി ഏഴാം മൈലിലെ എ അബ്ദുല്‍ ഗഫൂര്‍, നെല്ലിക്കട്ടയിലെ എ അനില്‍കുമാര്‍, പയ്യന്നൂരിലെ ജബ്ബാര്‍ മഞ്ചക്കണ്ടി, കോഴിക്കോട് അരക്കിണറിലെ സി. നബീല്‍ എന്നിവരടക്കമുള്ള പ്രതികള്‍ നേരത്തെ അറസ്റ്റിലായിരുന്നു. ക്രൈം ബ്രാഞ്ച് സിഐ ബി അനീഷ് കുമാറാണ് പ്രതികളെ പിടികൂടിയത്.






