കോട്ടയം: ഭര്‍തൃപിതാവിനെ പരിചരിക്കുന്നതിനായി എത്തിയ പുരുഷ ഹോംനഴ്‌സ് ജ്യൂസ് കൊടുത്ത് മയക്കിയശേഷം വ്യാപാര സ്ഥാപന ഉടമയായ യുവതിയെ പീഡിപ്പിച്ചതായി പരാതി. ഭര്‍ത്താവും കുട്ടികളും വീട്ടില്‍ ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം. 2024 ജൂലായ് മാസത്തിലാണ് പീഡനസംഭവം നടന്നത്. ഇതിനു ശേഷം മാനസികമായി തളര്‍ന്നുപോയ യുവതി ഇപ്പോഴാണ് പൊലീസില്‍ പരാതി നല്‍കിയത്. രാവിലെ 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്ത് പുരുഷ ഹോം നഴ്‌സ് ജ്യൂസ് ഉണ്ടാക്കി തനിക്കും ഭര്‍തൃപിതാവിനും നല്‍കിയെന്നും മയക്കത്തിലായ തന്നെ പീഡിപ്പിക്കുകയായിരുന്നെന്നുമാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്. പീഡനം നടന്നതിനു പിന്നാലെ ഇയാളെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടിരുന്നു. ഹോം നഴ്‌സിനെ കൂടാതെ ഭര്‍ത്താവിന്റെ സുഹൃത്തായ മറ്റൊരാളും തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പറഞ്ഞു.







