കൊച്ചി: സി പി എം പുറത്താക്കിയ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനും അദ്ദേഹത്തിന്റെ പുസ്തക പ്രകാശന ചടങ്ങിനും പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ചടങ്ങിന് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് കുഞ്ഞികൃഷ്ണന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. ‘നേതൃത്വത്തെ അണികള്‍ തിരുത്തണം’ എന്ന പേരിലുള്ള പുസ്തകം ബുധനാഴ്ച പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ പ്രൊഫ. എം എന്‍ വിജയന്റെ മകന്‍ ഡോ. വി എസ് അനില്‍ കുമാറിനു കോപ്പി നല്‍കി ജോസഫ് സി മാത്യുവാണ് പ്രകാശനം ചെയ്യുന്നത്.
രക്തസാക്ഷി ഫണ്ട് തിരിമറി നടന്നതായി ആരോപണം ഉന്നയിച്ചതിന് വി കുഞ്ഞികൃഷ്ണനെ പാര്‍ട്ടി പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെ കുഞ്ഞികൃഷ്ണന്റെ വീടിനു മുന്നില്‍ സി പി എം പ്രവര്‍ത്തകര്‍ പടക്കം പൊട്ടിക്കുകയും പ്രകടനം നടത്തുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് സി പി എമ്മിനെ ശക്തമായി എതിര്‍ക്കുകയും ചോദ്യം ചെയ്യുകയും വിമര്‍ശിക്കുകയും ചെയ്യുന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് ബുധനാഴ്ച നടക്കുന്നത്.
16 അധ്യായങ്ങളും 96 പേജുകളുമുള്ള പുസ്തകം വി എസ് അച്യുതാനന്ദനാണ് സമര്‍പ്പിക്കുന്നത്. പുസ്തകത്തില്‍ പയ്യന്നൂര്‍ എം എല്‍ എ ടി ഐ മധുസൂദനനെതിരെ നിശിതമായ വിമര്‍ശനമാണ് ഉള്ളത്. ‘പയ്യന്നൂരിലെ പാര്‍ട്ടി നന്നാവണമെങ്കില്‍ ടി ഐ മധുസൂദനന്‍ ആദ്യം നന്നാകണമെന്ന്’ പുസ്തകം പറയുന്നു.







