കാസര്‍കോട്: ലോഡ്ജ് മുറിയിലേയ്ക്ക് അതിക്രമിച്ചു കയറി യുവാവിന്റെയും പെണ്‍സുഹൃത്തിന്റെയും അര്‍ദ്ധനഗ്ന വീഡിയോയും ഫോട്ടോയും പകര്‍ത്തി ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണും തട്ടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ബഡാജെ, കജൂര്‍, മാലിയിലെ ടി കെ മുഹമ്മദ് ഫൈസല്‍ (42)ആണ് മഞ്ചേശ്വരം പൊലീസിന്റെ പിടിയിലായത്. ഇയാളെ കോടതി രണ്ടാഴ്ച്ചത്തേയ്ക്ക് റിമാന്റ് ചെയ്തു. കേസിലെ മറ്റൊരു പ്രതിയായ മഞ്ചേശ്വരം, പിരാട്മൂല സ്വദേശിയും കടമ്പാറില്‍ താമസക്കാരനുമായ കെ എ ഹാരിസി(40)നെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
ജനുവരി 14ന് ഉച്ചയ്ക്ക് 12 മണിക്കാണ് കേസിനാസ്പദമായ സംഭവം. ഉള്ളാള്‍ താലൂക്കിലെ മോഡുഗുളിയിലെ മുഹമ്മദ് ഹനീഫ് (41), ദക്ഷിണ കന്നഡ നാട്ടക്കല്ലിലെ ഇസ്രത്ത് (30) എന്നിവരാണ് അതിക്രമത്തിനിരയായത്. ഇവര്‍ താമസിച്ചിരുന്ന മുറിയിലേയ്ക്ക് അതിക്രമിച്ചു കയറിയ നാലംഗ സംഘം ഇരുവരെയും കട്ടിലില്‍ ഒന്നിച്ചിരുത്തി അര്‍ദ്ധനഗ്ന വീഡിയോകളും ഫോട്ടോകളും പകര്‍ത്തി രണ്ടു ലക്ഷം രൂപ നല്‍കണമെന്നു ആവശ്യപ്പെട്ടുവെന്നും നല്‍കിയില്ലെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. പരാതിക്കാരന്റെ കൈവശം ഉണ്ടായിരുന്ന 5000 രൂപയും മൊബൈല്‍ ഫോണും തട്ടിയെടുത്തുവെന്നും പരാതിയില്‍ പറഞ്ഞു. കേസില്‍ ഇനി രണ്ടു പേരെ കൂടി പിടികിട്ടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.






