കാസര്‍കോട്: പേപ്പട്ടിയുടെ കടിയേറ്റ പശു ചത്തതിന്റെ മനോവിഷമത്തിലാണെന്നു പറയുന്നു, കര്‍ഷകന്‍ വിഷം കഴിച്ച് ജീവനൊടുക്കി. മുളിയാര്‍, കോട്ടൂര്‍, ബാലനടുക്കയിലെ നാരായണന്‍ (80) ആണ് മരണപ്പെട്ടത്. വ്യാഴാഴ്ച രാവിലെയാണ് ഇദ്ദേഹത്തെ പറമ്പില്‍ അവശനിലയില്‍ കാണപ്പെട്ടത്. വിഷം കഴിച്ചതായുള്ള സംശയത്തെ തുടര്‍ന്ന് ചെങ്കള നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലായിരിക്കെ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അന്ത്യം സംഭവിച്ചതെന്നു ബന്ധുക്കള്‍ പറഞ്ഞു. അറിയപ്പെടുന്ന നെല്ല് – കവുങ്ങ് കര്‍ഷകനും ക്ഷീര കര്‍ഷകനുമായിരുന്നു നാരായണന്‍. ഏതാനും ദിവസം മുമ്പ് അലഞ്ഞു തിരിഞ്ഞെത്തിയ പേപ്പട്ടി നാരായണന്റെ പശുവിനെ കടിച്ചിരുന്നു. പശുവിന് കുത്തിവെയ്പ് എടുത്തിരുന്നുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇത് നാരായണനെ വലിയ വിഷമത്തിലാക്കിയിരുന്നുവെന്നും ഇതായിരിക്കും ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നു സംശയിക്കുന്നതായും ബന്ധുക്കള്‍ പറഞ്ഞു. ദീര്‍ഘകാലം കാംകോ ജീവനക്കാരനായിരുന്ന നാരായണന്‍ വിരമിച്ച ശേഷമാണ് മുഴുവന്‍ സമയ കര്‍ഷകനായത്.
സംഭവത്തില്‍ ആദൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. പത്മാവതിയാണ് നാരായണന്റെ ഭാര്യ. മക്കള്‍: വിനോദ്, വിജു, ബിന്ദു. മരുമക്കള്‍: സുചിത്ര, രജിത, കൃഷ്ണന്‍. സഹോദരങ്ങള്‍: കൊട്ടന്‍, പരേതരായ രാമന്‍, കാര്‍ത്യായനി.
അതേസമയം കോട്ടൂര്‍, ബാലനടുക്കം പ്രദേശങ്ങളില്‍ തെരുവുനായ ശല്യം രൂക്ഷമാണെന്നു നാട്ടുകാര്‍ പറഞ്ഞു. പ്രശ്‌നത്തിനു പരിഹാരം കാണാന്‍ അടിയന്തിര നടപടി വേണമെന്നു ആവശ്യപ്പെട്ടു.







