ബംഗളൂരു: തെക്കേ ഇന്ത്യയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ കോൺഫിഡന്റ് ഗ്രൂപ്പ് സ്ഥാപകനും ഉടമയുമായ സി.ജെ റോയ് ബംഗളൂരുവിലെ കോർപ്പറേറ്റ് ഓഫീസിൽ സ്വയം വെടിവെച്ച് മരിച്ചു. തുടർച്ചയായി ഉണ്ടായ ഇൻകം ടാക്സ് റെയ്ഡ് ആണ് ആത്മഹത്യക്കു കാരണമെന്ന് പറയുന്നുണ്ടെങ്കിലും അക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മൂന്നുദിവസമായി തുടർച്ചയായി ഇൻകം ടാക്സ് റോയിയെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു എന്ന് പറയുന്നു .ഇന്ന് രാവിലെ വീണ്ടും റെയ്ഡ് തുടർന്നിരുന്നുവത്രെ. ഉച്ചയ്ക്ക് ഓഫീസിൽ എത്തിയ റോയിയെ അധികൃതർ വീണ്ടും ചോദ്യം ചെയ്തുവെന്നും വരുമാനം സംബന്ധിച്ച് ചില രേഖകൾ ആവശ്യപ്പെട്ടതായും പറയുന്നുണ്ട്. എന്നാൽ ഇക്കാര്യവും സ്ഥിരീകരിച്ചിട്ടില്ല. അതേ സമയം ജീവനക്കാരുടെ മുന്നിൽ വച്ചാണ് സ്വന്തം തോക്ക് ഉപയോഗിച്ച് അദ്ദേഹം സ്വയം വെടിവെച്ച് മരിച്ചതെന്നു പറയുന്നു. ഉടൻതന്നെ നാരായണ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്. സംഭവമുണ്ടായ കെട്ടിടത്തിൽ എഫ് എസ് എൽ ലാബ് ജീവനക്കാരും അശോക നഗർ പോലീസും വിദഗ്ധ പരിശോധന നടത്തി. കെട്ടിടത്തിലെ സിസിടിവി ക്യാമറകളും ഹാർഡ് ഡിസ്കുകളും കസ്റ്റഡിയിലെടുക്കാൻ പോലീസ് നിർദേശിച്ചിട്ടുണ്ട് എന്ന് അറിയുന്നു. കോൺഫിഡൻ്റ ഗ്രൂപ്പിൻ്റെ കോർപറേറ്റ് ഓഫീസിനുള്ളിൽ റെയ്ഡ് നടത്തിയതായി ഇൻകം ടാക്സ് സ്ഥിരീകരിച്ചിട്ടുണ്ട്. റോയ് ആത്മഹത്യ ചെയ്ത വിവരം വെളിപ്പെടുത്തിയത് സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ജീന ക്കാരാണ്. അവരിൽ നിന്ന് വിശദമായ മൊഴി എടുക്കുമെന്ന് പോലീസ് പറഞ്ഞു. ഇൻഡ്യയിലും ഗൾഫ് മേഖലയിലും റിയൽ എസ്റ്റേറ്റിനു പുറമേ ഹോസ്പിറ്റാലിറ്റി, വിനോദം, വിദ്യാഭ്യാസം, വ്യോമയാനം എന്നീ മേഖലകളിലും അദ്ദേഹത്തിനു നിരവധി സ്ഥാപനങ്ങളുണ്ട്. മലയാള സിനിമാ രംഗത്തും അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.







