കാസര്‍കോട്: മുന്‍ മധൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ ഗോപാലകൃഷ്ണന്റെ വീടിനു മുന്നില്‍ ഈ സീസണില്‍ തളിരിട്ടു പൂവിട്ടു മാങ്ങകളുമായി നില്‍ക്കാറുണ്ടായിരുന്ന മാവ് ഇപ്പോള്‍ മുഖം കടുപ്പിച്ചു നില്‍ക്കുന്നു.
വീട്ടുകാരും നാട്ടുകാരും മാവിനടുത്തുവന്ന് ഈ മാവിന് ഇതെന്തുപറ്റിയെന്നു പറയുന്നുണ്ട്. സാധാരണ എല്ലാ വര്‍ഷവും ഡിസംബര്‍ -ജനുവരി മാസങ്ങളില്‍ കൂട്‌ലുവിലെ വീട്ടുവളപ്പില്‍ റോഡിനോടു ചേര്‍ന്നു നില്‍ക്കുന്ന മാവു പൂക്കുലകളും മാങ്ങകളുമായി പ്രത്യേക മണം പകര്‍ന്നു നില്‍ക്കുന്നതു വഴിയാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും എന്തിന് വീട്ടുകാര്‍ക്കുപോലും വലിയ ഉത്സാഹം പകര്‍ന്നിരുന്നു. പഞ്ചായത്തു ഭരണസമിതിയുടെ കാലാവധി കഴിയുകയും ഗോപാലകൃഷ്ണന്‍ പ്രസിഡന്റ് അല്ലാതാവുകയും ചെയ്തതോടെ മാവു പിണങ്ങിനില്‍ക്കുകയാണോ എന്ന് ആളുകള്‍ സംശയിക്കുന്നു.
മനുഷ്യരെക്കാള്‍ സ്‌നേഹവും ആത്മബന്ധവും മൃഗങ്ങളും ഫലവൃക്ഷങ്ങളുമൊക്കെ പ്രകടിപ്പിക്കുന്നതു സമൂഹ മാധ്യമങ്ങളില്‍ സാധാരണ കാഴ്ചയാണ്. അതുകൊണ്ടു തന്നെ സഞ്ചരിക്കുകയും സംസാരിക്കുകയും ചെയ്തില്ലെങ്കിലും ഫലവൃക്ഷങ്ങള്‍ അവയെ പരിപാലിക്കുന്ന മനുഷ്യരോടും അവരുടെ ഉയര്‍ച്ചകളിലും സന്തോഷിക്കുന്നില്ലെന്ന് ആരറിയുന്നു.
നാടുമുഴുവനുമുള്ള മാവുകള്‍ ഇപ്പോള്‍ പൂത്തുലച്ചും മാങ്ങ പിടിച്ചും നില്‍ക്കുന്നുണ്ട്. എല്ലാവര്‍ഷവും പതിവുതെറ്റിക്കാതെ പൂത്തുലച്ചു നില്‍ക്കാറുള്ള ഈ മാവുമാത്രം മുഖം കടുപ്പിച്ചപോലെ നില്‍ക്കുന്നതു വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കുമൊക്കെ വിഷമമുണ്ടാക്കുന്നുണ്ടെന്നു പറയുന്നു.






