കാസർകോട്: സ്വാതന്ത്രസമര സേനാനിയും കമ്മ്യൂണിസ്റ്റ് നേതാവും കേരളത്തിലെ അധ്യാപകപ്രസ്ഥാനത്തിൻ്റ സ്ഥാപകനേതാവുമായിരുന്ന പി.ആർ നമ്പ്യാരുടെ സ്മരണക്കായി ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ ഏർപ്പെടുത്തുന്ന പന്ത്രണ്ടാമത് പുരസ്കാരം തലമുതിർന്ന കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും, മുൻ എം.പിയുമായ പന്ന്യൻ രവീന്ദ്രന് സമർപ്പിക്കും.11111രൂപയും പ്രശസ്തിപത്രവും മെമെൻ്റോവും അടങ്ങുന്നതാണ് അവാർഡ് . ദേശീയതലത്തിൽ പൂരോഗമനാശയ പ്രചാരണം നടത്തുന്നതിൽ തൻ്റെതായ വ്യക്തിമുദ്ര പതിപ്പിച്ച നേതാവാണ് പന്ന്യൻ രവീന്ദ്രനെന്ന് അവാർഡ് നിർണ്ണയ സമിതി വിലയിരുത്തി. സാമൂഹിക അസമത്വങ്ങൾക്കെതിരെ ജനങ്ങളെ ചിന്തിപ്പിക്കാനും പ്രതിരോധങ്ങളുയർത്തുവാനും അദ്ദേഹം മുൻപിൽ നിന്ന് പ്രവർത്തിച്ചിട്ടുണ്ട്. വിനയം, ലാളിത്യം എന്നിവ കൊണ്ട് കേരളത്തിലെ സർവ്വജനങ്ങളും ആരാധിക്കുന്ന ഒരു നേതാവ് കൂടിയാണ് പന്ന്യൻ.
കല, സാമൂഹിക,രാഷ്ട്രീയ- സാംസ്കാരിക മേഖലകളിലെ സമഗ്രസംഭാവനകൾ പരിഗണിച്ചാണ് ഓരോ വർഷവും എ.കെ.എസ്.ടി.യു സംസ്ഥാന കമ്മറ്റി പുരസ്കാരം നല്കുന്നത്. അടൂരിൽ വെച്ച് നടക്കുന്ന സംഘടനയുടെ 29-ാമത് സംസ്ഥാന സമ്മേളനത്തിൽ 29 ന് വൈകിട്ട് 5 ന് നടൻ ശ്രീനിവാസൻ്റെ നാമധേയത്തിൽ തയ്യാറാക്കിയ നഗറിൽ നടക്കുന്ന സാംസ്ക്കാരിക സമ്മേളനത്തിൽ വെച്ച് സംഘാടക സമിതി ചെയർമാനും ഡെപ്യൂട്ടി സ്പീക്കറുമായ ചിറ്റയം ഗോപകുമാർ അവാർഡ് വിതരണം ചെയ്യുമെന്ന് എ.കെ.എസ്.ടി.യു ജനറൽ സെക്രട്ടറി ഒ.കെ. ജയകൃഷ്ണൻ , സംഘാടകസമിതി ജനറൽ കൺവീനർ
പി കെ സുശീൽ കുമാർ അറിയിച്ചു.







