കാസര്‍കോട്: എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വടക്കന്‍ മേഖലാ വികസന മുന്നേറ്റ ജാഥ ഫെബ്രുവരി ഒന്നിനു വൈകുന്നേരം മൂന്നിനു കുമ്പളയില്‍ നിന്നു പര്യടനം തുടങ്ങും. സിപിഎം സംസ്ഥാന സെക്രട്ടറി എം വി. ഗോവിന്ദന്‍ മാസ്റ്റർനയിക്കുന്ന ജാഥക്കുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ.പി സതീഷ് ചന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജാഥ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
സിപിഐ ദേശീയ എക്‌സിക്യുട്ടീവ് അംഗം പി. സന്തോഷ് കുമാര്‍, എംപിയാണ് ജാഥാ മാനേജര്‍. കെഎസ് സലീഖ, മാത്യുകുന്നപ്പള്ളി, പിപി ദിവാകരന്‍, പിഎം സുരേഷ്ബാബു, മനയത്ത് ചന്ദ്രന്‍, ബാബുഗോപിനാഥന്‍, വടകോട് മോനച്ചന്‍, എജെ ജോസഫ്, കാസിം ഇരിക്കൂര്‍, നൈസ് മാത്യു എന്നിവര്‍ ജാഥാംഗങ്ങളാണ്. ജാഥയുടെ ആദ്യ ദിവസത്തെ സമാപനം നുള്ളിപ്പാടിയില്‍ നടക്കും. ഫെബ്രുവരി രണ്ടിന് രാവിലെ 10ന് പെരിയാട്ടടുക്കത്തും മൂന്നു മണിക്ക് കോട്ടച്ചേരിയിലും നാലു മണിക്കു കാലിക്കടവിലും ജാഥക്ക് സ്വീകരണം നല്‍കും. ഇടതുമുന്നണി നേതാക്കളായ സിപി ബാബു, കെ.ആര്‍ ജയാനന്ദ, സജി സെബാസ്റ്റ്യന്‍, വിവി കൃഷ്ണന്‍, പി.ടി നന്ദകുമാര്‍, കരിം ചന്തേര, രതീഷ് പുതിയപുരയില്‍, സി ബാലന്‍, അസീസ് കടപ്പുറം, പിപി രാജു എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.






