കാസര്‍കോട്: വെറ്റില പറിക്കാനായി പോകുന്നതിനിടയില്‍ കാലുതെറ്റി ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ യുവതിയെ രക്ഷപ്പെടുത്തി. എന്‍മകജെ, ബദ്രംപള്ള നെടുംബയിലെ 17കാരിയെ ആണ് കാസര്‍കോട് ഫയര്‍ഫോഴ്‌സും ബദിയഡുക്ക പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്.
വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. വീട്ടുപറമ്പിലെ വെറ്റിലക്കൊടിയില്‍ നിന്നു വെറ്റില പറിക്കാന്‍ പോകുന്നതിനിടയില്‍ യുവതി കാല്‍ തെന്നി സമീപത്തെ ആള്‍മറയില്ലാത്ത കിണറില്‍ വീഴുകയായിരുന്നു. ബഹളം കേട്ട് സ്ഥലത്ത് ജോലി ചെയ്തു കൊണ്ടിരുന്നവര്‍ ഓടിയെത്തി കിണറ്റിലേക്ക് കയര്‍ ഇറക്കിക്കൊടുത്ത് പിടിച്ചു നില്‍ക്കാന്‍ പറഞ്ഞു. പിന്നാലെ നാട്ടുകാരായ രണ്ടു പേര്‍ കിണറ്റിലിറങ്ങി.വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി. റെസ്‌ക്യു നെറ്റ് ഉപയോഗിച്ച് യുവതിയെ മുകളിലേക്ക് കയറ്റിയ ശേഷം ഫയര്‍ഫോഴ്‌സിന്റെ ആംബുലന്‍സ് ആശുപത്രിയിലെത്തിച്ചു. ഫയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍ ഓഫീസര്‍ ഡോ. ഹര്‍ഷ, സീനിയര്‍ ഫയര്‍ ആന്റ് സേഫ്റ്റി ഓഫീസര്‍ സണ്ണി ഇമ്മാനുവല്‍ അ ബൈസണ്‍, സിറാജ്, നൗഫല്‍ തുടങ്ങിയവരാണ് ഫയര്‍ഫോഴ്‌സ് സംഘത്തിലുണ്ടായിരുന്നത്.






