ആലപ്പുഴ: പത്മഭൂഷന്‍ ബഹുമതി ലഭിച്ചതിനെ കുറിച്ച് പ്രതികരണവുമായി എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ചേര്‍ത്തല എസ്.എന്‍ കോളേജില്‍ നടന്ന എസ് എന്‍ ട്രസ്റ്റ് ഡയറക്റ്റര്‍ ബോര്‍ഡ് വിശേഷാല്‍ പൊതു യോഗത്തില്‍ സംസാരിക്കവെയാണ് അവാര്‍ഡിനെ കുറിച്ചും അത് തനിക്ക് ലഭിച്ചതിനെ കുറിച്ചും വെള്ളാപ്പള്ളി വാചാലനായത്.
മമ്മൂട്ടിയെയും തന്നെയും പുരസ്‌കാരത്തിനായി കണ്ടെത്തിയത് രണ്ട് രീതിയിലാണ്. വെള്ളാപ്പള്ളി നടേശന്‍ സീറോയാണ്. ഹീറോയായത് നിങ്ങളെല്ലാം കണ്ണി ചേര്‍ന്നപ്പോഴാണ്. സമുദായത്തെ സാമ്പത്തികമായി ഉയര്‍ത്താനാണ് താന്‍ ശ്രമിച്ചത്.
മമ്മൂട്ടിക്ക് പത്മഭൂഷന്‍ ബഹുമതി ലഭിച്ചത് അദ്ദേഹത്തിന്റെ കഴിവുകൊണ്ട്. അദ്ദേഹത്തിന്റെ നടന പാടവത്തിനുള്ള അംഗീകാരമായിട്ടാണ് അവാര്‍ഡ് കിട്ടിയത്. എനിക്ക് ഭൂഷണം കിട്ടിയപ്പോള്‍ മമ്മൂട്ടിക്കും കിട്ടി. ഞാനും മമ്മൂട്ടിയും ചിങ്ങമാസത്തിലെ വിശാഖക്കാരാണ്. ഒരേ നാളുകാരാണ്. തനിക്ക് കഴിവുകൊണ്ടല്ല പത്മഭൂഷന്‍ ലഭിച്ചത്. സംഘടനാ പ്രവര്‍ത്തനത്തിന്റെയും ക്ഷേമ പ്രവര്‍ത്തനം നടത്തുന്നതിന്റെയും അംഗീകാരമായാണ്. അതിന്റെ കാരണക്കാര്‍ നിങ്ങളാണ്. അംഗീകാരം ലഭിച്ചത് സമുദായത്തിനാണ്. വെള്ളാപ്പള്ളി നടേശനല്ല – വെള്ളാപ്പള്ളി പറഞ്ഞു.







