തിരുവനന്തപുരം: മന്ത്രി വി.ശിവന്‍കുട്ടിക്ക് നേരെ വ്യക്തി അധിക്ഷേപ പരാമര്‍ശം നടത്തിയെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ സിപിഎം എംഎല്‍എ വി ജോയ് നിയമസഭയില്‍ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി. മന്ത്രിയെ പൊതുമധ്യത്തില്‍ അപമാനിച്ചതില്‍ നടപടി വേണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
‘നിയമസഭയില്‍ ഡെസ്‌കിന് മുകളില്‍ കയറി നിന്ന ഒരാളാണ് പ്രതിപക്ഷത്തിന് ക്ലാസെടുക്കാന്‍ വരുന്നതെന്നായിരുന്നു സതീശന്റെ പരിഹാസം. എക്‌സൈസ് വകുപ്പായിരുന്നെങ്കില്‍ ബോധമില്ലെന്ന് പറയാമായിരുന്നു, വിദ്യാഭ്യാസ മന്ത്രിസ്ഥാനത്ത് ഇരിക്കാന്‍ ശിവന്‍കുട്ടി യോഗ്യനല്ല. നിയമസഭയില്‍ അണ്ടര്‍വെയര്‍ പുറത്തുകാണിച്ച് ഡെസ്‌കിനു മുകളില്‍ കയറി നിന്ന് അസംബന്ധം മുഴുവന്‍ പറഞ്ഞ ഒരുത്തനാണ് പ്രതിപക്ഷത്തിന് ക്ലാസ് എടുക്കാന്‍ വരുന്നത് എന്നായിരുന്നു സതീശന്റെ പ്രസ്താവനയെന്ന് ജോയ് ആരോപിച്ചു.
കഴിഞ്ഞദിവസം നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എമാരുടെ സത്യഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ശിവന്‍കുട്ടിക്കെതിരെ വിഡി സതീശന്‍ പരിഹാസ പരാമര്‍ശങ്ങള്‍ നടത്തിയത്. വിഡി സതീശന്റെ ഓരോ വാക്കുകള്‍ക്കും മന്ത്രി ശിവന്‍കുട്ടി മറുപടി നല്‍കുകയും ചെയ്തിരുന്നു.







