തിരുവനന്തപുരം: ജോലി സമയത്ത് കാറിലിരുന്ന് പരസ്യ മദ്യപാനം നടത്തുന്ന പൊലീസുകാരുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ നടപടിയുമായി അധികൃതര്‍. കുറ്റക്കാരായ ആറു പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരം കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെ ആറു പൊലീസുകാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇവരെ നല്ല നടപ്പ് പരിശീലനത്തിനും അയക്കും.
കഴിഞ്ഞദിവസമാണ് പൊലീസുകാര്‍ കാറിനകത്തിരുന്ന് മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഇതിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നാലെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പൊലീസുകാരുടെ നടപടി ഗുരുതര വീഴ്ചയെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞത്.
ജോലി സമയത്താണ് ഇവര്‍ മദ്യപിച്ചത്, ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത നടപടിയാണ് ഇതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറാണ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ സ്റ്റേഷന് മുന്നില്‍ കാറില്‍ സിവില്‍ ഡ്രസ്സില്‍ ഇരുന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ മദ്യപിച്ചത്. മദ്യപിക്കുന്ന ദൃശ്യങ്ങള്‍ ഒരാള്‍ പകര്‍ത്തി ഉന്നത ഉദ്യോഗസ്ഥന് അയച്ചുകൊടുക്കുകയായിരുന്നു. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ ഇറങ്ങിയതായിരുന്നു പൊലീസ് ഉദ്യോഗസ്ഥര്‍.







