പരസ്പരം പോരടിച്ച് പ്രതിപക്ഷ നേതാവും ശിവന്‍കുട്ടിയും; അണ്ടര്‍വെയര്‍ കാണിച്ച് നിയമസഭ തല്ലിപ്പൊളിച്ചയാളെന്ന് സതീശന്‍; അസത്യങ്ങളുടെ രാജകുമാരനാണ് സതീശനെന്ന് മന്ത്രി

തിരുവനന്തപുരം: പരസ്പരം പോരടിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും മന്ത്രി വി.ശിവന്‍കുട്ടിയും. ആദ്യം വെടിപൊട്ടിച്ചത് പ്രതിപക്ഷ നേതാവാണ്. നിയമസഭയില്‍ ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ യുഡിഎഫ് എംഎല്‍എമാരുടെ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ പരിഹാസവാക്കുകള്‍ പറഞ്ഞത്.

‘ഇവനൊക്കെ വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോള്‍ സ്‌കൂളില്‍ പഠിക്കേണ്ട ഗതികേട് നമ്മുടെ കുട്ടികള്‍ക്ക് ഉണ്ടായല്ലോ, അണ്ടര്‍വെയര്‍ കാണിച്ച് നിയമസഭ തല്ലിപ്പൊളിച്ച ആളാണ്. എന്നിട്ട് ഇപ്പോള്‍ വായില്‍ തോന്നിയത് വിളിച്ചു പറയുന്നു, സഭയില്‍ മര്യാദ പഠിപ്പിക്കുന്നു, യു ഡി എഫിനെ ഉപദേശിക്കുന്നുവെന്നും സതീശന്‍ പരിഹസിച്ചു. സതീശന്‍ പറഞ്ഞ ഓരോ വാക്കുകളേയും തിരിച്ചടിച്ചാണ് മന്ത്രി മറുപടി പറഞ്ഞത്.

കേരള രാഷ്ട്രീയത്തിലെ അസത്യങ്ങളുടെ രാജകുമാരനാണ് സതീശനെന്നും സോണിയാ ഗാന്ധിയെ കുറിച്ച് പറഞ്ഞതാണ് ഇപ്പോള്‍ സതീശനെ ചൊടിപ്പിച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സോണിയാ ഗാന്ധിയെ നിയമപരമായി ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്ന് പറഞ്ഞ ശിവന്‍കുട്ടി ക്രിമിനലായ ഉണ്ണികൃഷ്ണന്‍ പോറ്റി എങ്ങനെയാണ് സോണിയാ ഗാന്ധിയുടെ കയ്യില്‍ ചരട് കെട്ടിയത് എന്നും ചോദിച്ചു. സോണിയ എം പിയായിരുന്ന ബെല്ലാരിയില്‍ സ്വര്‍ണം വിറ്റുവെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്നും സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് സതീശന്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സത്യാവസ്ഥ പുറത്തുവരണമെന്നും മന്ത്രി പറഞ്ഞു.

വിഡ്ഢിത്തം മാത്രം പറയുന്ന ആളെന്ന വിഡി സതീശന്റെ പരിഹാസത്തിന് സതീശന്റേത് തരംതാണ പദപ്രയോഗങ്ങളാണെന്നും അണികളെ ആവേശഭരിതരാക്കാന്‍ അച്ഛന്റെ പ്രായമുള്ളവരെ പോലും ധിക്കാരത്തോടെ അധിക്ഷേപിക്കുകയാണെന്നും ശിവന്‍കുട്ടി കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിക്ക് എതിരെ പോലും നിയമസഭയില്‍ മോശം വാക്കുകളാണ് പ്രതിപക്ഷ നേതാവ് ഉപയോഗിക്കുന്നതെന്നും മന്ത്രി ആഞ്ഞടിച്ചു. ‘ഞാന്‍ പേടിച്ചു പോയി’ എന്ന ബോര്‍ഡ് സതീശന്റെ ഫോട്ടോയ്‌ക്കൊപ്പം പലയിടത്തും കണ്ടിരുന്നു. തങ്ങളുടെ മാന്യത കൊണ്ടാണ് തിരിച്ചു പ്രതികരിക്കാത്തത്, തങ്ങള്‍ തിരിച്ചടിച്ചാല്‍ സതീശന്‍ പേടിക്കുക മാത്രമല്ല, പേടിച്ച് മൂത്രമൊഴിച്ചു പോവുമെന്നും മന്ത്രി പരിഹസിച്ചു.

അണ്ടര്‍വെയര്‍ കാണിച്ച് നിയമസഭ തല്ലിപ്പൊളിച്ച ആളാണെന്ന പരാമര്‍ശനത്തിന് എന്ത് ചോദിച്ചാലും സഭയിലെ കയ്യാങ്കളിയെ കുറിച്ച് മാത്രമാണ് സതീശന് പറയാനുള്ളതെന്നായിരുന്നു ശിവന്‍കുട്ടിയുടെ മറുപടി. മന്ത്രിയായത് കൊണ്ട് ആളുകളെ കൂട്ടി സെക്രട്ടേറിയറ്റിന് മുന്നില്‍ പോയി മറുപടി പറയാന്‍ തനിക്ക് പരിമിതികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തന്നെ ‘സംഘിക്കുട്ടി’ എന്ന് വിളിച്ച സതീശന്റെ നടപടി വ്യക്തിഹത്യയാണ്. താന്‍ ആര്‍ എസ് എസിനെതിരെ നെഞ്ചുവിരിച്ചു പോരാടുമ്പോള്‍ സതീശന്‍ വള്ളിനിക്കറിട്ട് നടക്കുകയായിരുന്നു. ഗോള്‍വാള്‍ക്കര്‍ക്ക് മുന്നില്‍ നട്ടെല്ല് വളച്ചത് ശിവന്‍കുട്ടിയല്ല, അത് ‘വിനായക് ദാമോദര്‍ സതീശന്‍’ ആണെന്നും അദ്ദേഹം തിരിച്ചടിച്ചു. ആര്‍ എസ് എസിന് ഞാന്‍ സഹായം ചെയ്യുമെന്ന് പറഞ്ഞാല്‍ കേരളത്തില്‍ ആരെങ്കിലും വിശ്വസിക്കുമോ എന്നും മന്ത്രി ചോദിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page