തിരുവനന്തപുരം: ചലച്ചിത്ര പുരസ്‌ക്കാര ജേതാക്കളായ സ്ത്രീകളെ പുരുഷന്‍മാര്‍ക്ക് പിന്നില്‍ ഇരുത്തിയതിനെതിരെ നടി അഹാന കൃഷ്ണ കുമാര്‍ വിമര്‍ശനവുമായി രംഗത്ത്. സമൂഹ മാധ്യമങ്ങളിലൂടെയാണ് അഹാനയുടെ വിമര്‍ശനം. കഴിഞ്ഞദിവസം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന 55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമര്‍പ്പണ വേദിയിലെ ഇരിപ്പിട ക്രമീകരണത്തിനെതിരെയാണ് നടിയുടെ വിമര്‍ശനം.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
അവാര്‍ഡ് ദാന പരിപാടിയുടെ വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു അതിനെതിരായ തന്റെ വിയോജിപ്പും അസ്വസ്ഥതയും നടി പ്രകടിപ്പിച്ചത്. പുരസ്‌കാരത്തിന് അര്‍ഹരായ സ്ത്രീകളെല്ലാം ഒന്നാം നിരയ്ക്ക് പിന്നിലായിപ്പോയത് വെറുമൊരു യാദൃച്ഛികതയാണോ എന്നാണ് അഹാനയുടെ ചോദ്യം. മികച്ച നടി ഉള്‍പ്പെടെയുള്ള പുരസ്‌കാര ജേതാക്കള്‍ മുന്‍നിരയില്‍ ഇരിക്കാന്‍ പൂര്‍ണ്ണമായും അര്‍ഹരാണെന്നും, അവരെ പിന്നിലേക്ക് മാറ്റിയത് ശരിയായ നടപടിയല്ലെന്നും അഹാന കുറിച്ചു.
‘എല്ലാം വളരെ ഭംഗിയായിരിക്കുന്നു, പുരസ്‌കാര ജേതാക്കളുടെ നേട്ടത്തില്‍ താന്‍ അങ്ങേയറ്റം ആഹ്ലാദിക്കുന്നു. എങ്കിലും, ആ വീഡിയോ കണ്ടപ്പോള്‍ അവിടെ വിജയികളെ ഇരുത്തിയിരുന്ന രീതി മനസ്സില്‍ ചെറിയൊരു അസ്വസ്ഥത പടര്‍ത്തി. സ്ത്രീകളെല്ലാവരും ഒന്നാം നിരയ്ക്ക് പിന്നിലായിപ്പോയത് വെറുമൊരു ആകസ്മികതയാണോ? അവരില്‍ പലരും തീര്‍ച്ചയായും മുന്‍നിരയില്‍ത്തന്നെ ഇരിക്കേണ്ടവരായിരുന്നു. ഇത് ഇവിടെ പറയണമെന്ന് കരുതിയതല്ല, എങ്കിലും തന്നെ അലോസരപ്പെടുത്തിയ ആ ചിന്ത പങ്കുവയ്ക്കാതിരിക്കാന്‍ തനിക്കായില്ല,’ അഹാന കൃഷ്ണ കുറിച്ചു.
മികച്ച നടി, മികച്ച ഗായിക, മികച്ച സ്വഭാവ നടി തുടങ്ങിയ പുരസ്‌കാരങ്ങള്‍ നേടിയവര്‍ക്ക് രണ്ടാം നിരയിലാണ് ഇരിപ്പിടം ഒരുക്കിയിരുന്നത്. അഹാനയുടെ പോസ്റ്റ് പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്ക് വഴിവച്ചു. സാംസ്‌കാരിക വേദികളിലെ ഇത്തരം ലിംഗപരമായ അസമത്വങ്ങള്‍ ഇനിയെങ്കിലും മാറേണ്ടതുണ്ടെന്ന അഭിപ്രായമാണ് ഇവര്‍ പങ്കുവച്ചത്.







