വിവാഹം കഴിക്കാത്തതിലുള്ള പക; മുന്‍ കാമുകന്റെ ഭാര്യയ്ക്ക് എച്ച്.ഐ.വി കുത്തിവച്ച യുവതിയും സുഹൃത്തുക്കളും അറസ്റ്റില്‍

അമരാവതി: വനിത ഡോക്ടര്‍ക്ക് എച്ച്.ഐ.വി കുത്തിവച്ച കേസില്‍ യുവതി ഉള്‍പ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ യുവതിയുടെ മുന്‍ കാമുകന്റെ ഭാര്യയാണ് ആക്രമണത്തിനിരയായ വനിത ഡോക്ടര്‍ എന്ന് പൊലീസ് പറഞ്ഞു. കുര്‍ണൂല്‍ സ്വദേശിയായ ബി. ബോയ വസുന്ധര (34), അഡോണിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്സായ കോംഗെ ജ്യോതി (40), 20 വയസ്സുള്ള രണ്ട് കുട്ടികള്‍ എന്നിവരാണ് അറസ്റ്റിലായത്.

വസുന്ധരയുടെ മുന്‍ കാമുകനായിരുന്നു അക്രമത്തിനിരയായ വനിത ഡോക്ടറുടെ ഭര്‍ത്താവ്. ഇയാള്‍ മറ്റൊരാളെ വിവാഹം കഴിച്ചതിലുള്ള പകയാണ് അക്രമത്തിന് പിന്നിലെന്നാണ് ചോദ്യം ചെയ്യലില്‍ യുവതി മൊഴി നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. മുന്‍ കാമുകനും ഡോക്ടറാണ്.

സ്വകാര്യ ആശുപത്രിയിലെ അസിസ്റ്റന്റ് പ്രൊഫസറാണ് അക്രമത്തിനിരയായത്. ജനുവരി ഒമ്പതിന് നടന്ന സംഭവത്തില്‍ ജനുവരി 10നാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞദിവസമാണ് പ്രതികളെ അറസ്റ്റുചെയ്തത്.

സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്സിന്റെ സഹായത്തോടെയാണ് വസുന്ധര എച്ച്.ഐ.വി ബാധിതനായ ഒരാളുടെ രക്ത സാമ്പിള്‍ വാങ്ങിയത്. ഗവേഷണ ആവശ്യത്തിനെന്ന് പറഞ്ഞാണ് ഇവര്‍ രക്ത സാമ്പിള്‍ ശേഖരിച്ചത്. തുടര്‍ന്ന് വസുന്ധരയുടെ വീട്ടില്‍ സൂക്ഷിച്ചു.

ജനുവരി ഒമ്പതിന് ഉച്ചഭക്ഷണം കഴിക്കാനായി തന്റെ സ്‌കൂട്ടറില്‍ വനിത ഡോക്ടര്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തതനുസരിച്ച് അപകടം സൃഷ്ടിച്ചാണ് ഡോക്ടറുടെ ശരീരത്തില്‍ എച്ച്.ഐ.വി അടങ്ങിയ രക്തം കുത്തിവെച്ചത്. സ്‌കൂട്ടറിലെത്തിയ രണ്ടുപേര്‍ മനഃപൂര്‍വം ഡോക്ടറെ ഇടിച്ചു വീഴ്ത്തി. ഇതോടെ വസുന്ധരയും ബൈക്കിലെത്തിയവരും സഹായിക്കാനെന്ന വ്യാജേന ഡോക്ടറുടെ അടുത്തേയ്ക്ക് വന്നു. ആശുപത്രിയില്‍ കൊണ്ടുപോകാനായി ഡോക്ടറെ ഓട്ടോറിക്ഷയിലേക്ക് കയറ്റുന്നതിനിടെ എച്ച്.ഐ.വി പോസിറ്റീവായ രക്തം കുത്തിവെച്ചു. അതിനുശേഷം പ്രതികള്‍ സ്ഥലംവിട്ടു.

ഡോക്ടര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. പ്രതികള്‍ എത്തിയ വാഹനത്തിന്റെ നമ്പര്‍ ഡോക്ടര്‍ കുറിച്ചെടുത്തിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിലാണ് പ്രതികള്‍ വലയിലാകുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page