കണ്ണൂര്‍ : രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവരം വെളിപ്പെടുത്തിയ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടിയെ വഞ്ചിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് വി. കുഞ്ഞികൃഷ്ണനെ പുറത്താക്കിയത്. കുഞ്ഞികൃഷ്ണന്‍ പാര്‍ട്ടി ശത്രുക്കളുടെ കോടാലിക്കൈയായി മാറിയെന്ന് ഇക്കാര്യം വെളിപ്പെടുത്തിക്കൊണ്ട് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ. കെ രാഗേഷ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
2022 ഏപ്രിലില്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ച കാര്യങ്ങളാണ് കുഞ്ഞികൃഷ്ണന്‍ വീണ്ടും ആരോപിച്ചത്. കുഞ്ഞികൃഷ്ണന്‍ ഉത്തമനായ കമ്മ്യൂണിസ്റ്റ് അല്ലെന്നും പാര്‍ട്ടിയെ വഞ്ചിച്ച ആളാണെന്നും രാഗേഷ് പറഞ്ഞു. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അഭിമുഖത്തിന് സമയം തിരഞ്ഞെടുത്തു. കുഞ്ഞികൃഷ്ണന്‍ പാര്‍ട്ടിയെ പിന്നില്‍ നിന്ന് കുത്തി. ഇതിനെ നേരിടാന്‍ കെല്‍പ്പുള്ള പാര്‍ട്ടിയാണ് സിപിഎം എന്ന് കെ. കെ രാഗേഷ് പറഞ്ഞു.
മധുസൂദനനെ മനഃപൂര്‍വം താറടിക്കാനുള്ള ശ്രമം എന്നാണ് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിലുള്ളത്. അത് കുഞ്ഞികൃഷ്ണനും അംഗീകരിച്ചതാണ്. റസീറ്റ് അടിച്ചതില്‍ അക്ഷരത്തെറ്റ് ഉണ്ടായി. ആറു ബുക്കുകളില്‍ പിശക് ഉണ്ടായി. അത് നശിപ്പിക്കുന്നതില്‍ ജാഗ്രത കുറവുണ്ടായി. എന്നാല്‍ ഈ റസീറ്റ് ഉപയോഗിച്ച് പണം പിരിച്ചത് മധുസൂദനന്‍ അല്ല. ചില ബുക്കുകള്‍ നഷ്ടപ്പെട്ടു പോയിട്ടുണ്ടെന്നും കെകെ രാഗേഷ് സമ്മതിച്ചു.
വാര്‍ത്ത ചോര്‍ച്ച സംബന്ധിച്ച് പാര്‍ട്ടിക്ക് കൃത്യമായ തെളിവ് ഉണ്ട്. മധുസൂദനനെ മനഃപൂര്‍വം താറടിക്കാനുള്ള ശ്രമം എന്നാണ് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉള്ളത്. അത് കുഞ്ഞികൃഷ്ണനും അംഗീകരിച്ചതാണ്. വാര്‍ത്ത ചോര്‍ത്തി എന്ന കുറ്റസമ്മതം കുഞ്ഞികൃഷ്ണന്റെ വാക്കില്‍ തന്നെ ഉണ്ടായി.
കമ്മ്യൂണിസ്റ്റ് എന്ന പദത്തിന്റ പരിസരത്തു നില്‍ക്കാന്‍ പറ്റുന്ന പണി ആണോ ഇതെന്ന് രാഗേഷ് ആരാഞ്ഞു.
കുടുംബത്തെ സഹായിക്കുക, വീട് വച്ചു നല്‍കുക, കേസുകള്‍ കൈകാര്യം ചെയ്യുക, തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ്, ഫണ്ട് ഉണ്ടാക്കിയത്. ഇതിലൊന്നും പാര്‍ട്ടിക്ക് ധനം നഷ്ടപ്പെട്ടിട്ടില്ല. വരവ് ചെലവ് കണക്ക് അവതരിപ്പിക്കുന്നതില്‍ നാലു വര്‍ഷം താമസം ഉണ്ടായി. 2022 ല്‍ ഇക്കാര്യത്തില്‍ മധുസൂദനന്‍ ഉള്‍പ്പെടെ ഉള്ള ആളുകള്‍ക്ക് എതിരെ നടപടി എടുത്തതാണെന്നും കെ.കെ രാഗേഷ് പറഞ്ഞു.







