കുമ്പള: കുമ്പള പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കവര്‍ച്ച വ്യാപകമാവുന്നു. രണ്ടാഴ്ചക്കിടെ ഉണ്ടായ നാലാമത്തെ വലിയ കവര്‍ച്ചയാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. കുമ്പള നായ്കാപ്പില്‍ അഭിഭാഷകയുടെ വീട് കുത്തി തുറന്ന് 29 തേ മുക്കാല്‍ പവന്റെ(31.67ലക്ഷത്തിന്റെ) സ്വര്‍ണാഭരണങ്ങളാണ് കവര്‍ച്ച ചെയ്തത്. ഒപ്പം 25,000 രൂപ വിലവരുന്ന വെള്ളിയാഭരണങ്ങളും, 5000 രൂപയും കവര്‍ന്നു. അഭിഭാഷകയും കുടുംബവും വീട് പൂട്ടി കുമ്പള കണിപ്പുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രോത്സവത്തിന് പോയ സമയത്താണ് കവര്‍ച്ച നടന്നത്. കുമ്പളയില്‍ കവര്‍ച്ച പെരുകുന്നതില്‍ നാട്ടുകാര്‍ അസ്വസ്ഥരാണ്.ഒരു കേസില്‍ പോലും കവര്‍ച്ചക്കാരെ കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടുമില്ല. മൂന്നാഴ്ചക്കുള്ളില്‍ സമാനമായ ഒട്ടനവധി മോഷണങ്ങളാണ് കുമ്പളയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
കുമ്പളയ്ക്കടുത്ത് കയ്യാര്‍-കൊക്കച്ചാലില്‍ വീട് കുത്തി തുറന്ന് വിലപിടിപ്പുള്ള വാച്ചുകളും, അരലക്ഷം രൂപയും, ആയിരം യുഎഇ ദിര്‍ഹവും ഒരാഴ്ചക്കു മുമ്പ് കൊള്ളയടിച്ചിരുന്നു.
കൊക്കച്ചാലിലെ ഉവൈസ് മന്‍സിലില്‍ ഉമ്മര്‍ ഉസൈദിന്റെ പരാതിയില്‍ കുമ്പള പോലീസ് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് കഴിഞ്ഞ ദിവസത്തെ കവര്‍ച്ചയും നടന്നിരിക്കുന്നത്.
വീട് പൂട്ടി കുടുംബം കോഴിക്കോട് പോയ സമയത്താണ് വന്‍ കവര്‍ച്ച നേരത്തേയും നടന്നത്. എല്ലാ കവര്‍ച്ചയും വാതിലിന്റെ പൂട്ട് തകര്‍ത്തായിരുന്നു. അലമാരയില്‍ സൂക്ഷിച്ച സാധനങ്ങളും പണവുമാണ് അന്ന് കവര്‍ച്ച ചെയ്യപ്പെട്ടത്.
കഴിഞ്ഞമാസം അവസാനമാണ് കുമ്പളയില്‍ ഓടുമേഞ്ഞ വീടിന്റെ വാതില്‍ തകര്‍ത്ത് രണ്ടു വാച്ചുകളും, കടയുടെ പൂട്ടു പൊളിച്ച് ആറായിരം രൂപയും കവര്‍ച്ച ചെയ്തത്. കുമ്പള പോസ്റ്റ് ഓഫീസിന് സമീപത്തെ റിസ്വാന്റെ വീടിന് മുന്‍വശത്തെ വാതിലും, മറ്റൊരു വാതിലും തകര്‍ത്ത് അകത്തു കയറിയ മോഷ്ടാവ് അമ്പതിനായിരം രൂപ വിലമതിക്കുന്ന രണ്ടു വാച്ചുകള്‍ കവര്‍ന്നിരുന്നു. അന്നും വീടുപൂട്ടി ബന്ധുവീട്ടില്‍ പോയപ്പോഴാണ് കവര്‍ച്ച നടന്നത്.അന്നേദിവസം തന്നെ കുമ്പള കുണ്ടങ്കേരടുക്കയിലെ രമേശ് നായക്കിന്റെ ഉടമസ്ഥതയിലുള്ള കടയുടെ പൂട്ട് തകര്‍ത്തു ആറായിരം രൂപയുടെ നാണയങ്ങള്‍ കവര്‍ന്നിരുന്നു. നാല് തവണയാണ് രമേശ നായിക്കിന്റെ കടയില്‍ മോഷണം നടക്കുന്നത്. ഒന്നിലും മോഷ്ടാക്കളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
കുമ്പളയില്‍ മോഷണം പതിവാണെന്നും, മോഷ്ടാക്കളെ പിടികൂടാന്‍ പോലീസിന് കഴിയുന്നില്ലെന്ന പരാതിയും, ആശങ്കയും നാട്ടുകാര്‍ പങ്കുവെക്കുന്നുണ്ട്. അന്വേഷണങ്ങള്‍ വൈകുന്നത് മൂലം മോഷ്ടാക്കള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകളുണ്ടെന്നും, അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്നും നാട്ടുകാരും ആവശ്യപ്പെടുന്നു.







