കോഴിക്കോട്: സോഷ്യല്‍മീഡിയയില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതിനുപിന്നാലെ യുവാവ് മനംനൊന്ത് ജീവനൊടുക്കിയ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് രാഹുൽ ഈശ്വർ. വ്യാജ വീഡിയോ നിര്‍മ്മിച്ച യുവതിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മുഖ്യമന്ത്രിക്ക് പുറമേ സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കി. വനിതക്കെതിരെ ആത്മഹത്യ പ്രേരണക്കു കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്. ദീപക്കിന്റെ കുടുംബത്തിന് പൂർണ്ണമായ നിയമസഹായവും സാമ്പത്തിക സഹായവും ലഭ്യമാക്കണമെന്ന് രാഹുൽ ഈശ്വർ പരാതിയിൽ അഭ്യർത്ഥിച്ചു. യുവാവിന്റെ മരണത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെയാണ് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കിനെ സ്വന്തം വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ മുറി തുറക്കാത്തതിനെ തുടർന്ന് അമ്മയും അച്ഛനും ചില നാട്ടുകാരുടെ സഹായത്തോടെ വാതിൽ തുറന്നു നോക്കിയപ്പോഴാണ് ദീപക്കിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.







