ലഖ്‌നൗ: ജോലി കഴിഞ്ഞ രാത്രി കാറില്‍ മടങ്ങുകയായിരുന്ന സോഫ്റ്റുവേര്‍ എഞ്ചിനീയര്‍ കട്ടപിടിച്ച മഞ്ഞില്‍ റോഡ് അതിര്‍ത്തി കാണാന്‍ കഴിയാതെ ഡ്രെയിനേജിന്റെ മതിലില്‍ തട്ടി 70 അടി താഴ്ചയുള്ള മാലിന്യക്കുഴിയിലേക്ക് വീണു. കുഴിയിലെ മലിന ജലത്തില്‍ താണുകൊണ്ടിരുന്ന കാറിലിരുന്ന് പിതാവിനെ വിളിച്ചു- ‘അച്ഛാ, ഞാന്‍ ഒരുവലിയ വെള്ളത്തില്‍ മുങ്ങിക്കൊണ്ടിരിക്കുകയാണ്, പെട്ടെന്ന് വരണം, എന്നെ രക്ഷിക്കണം, എനിക്ക് മരിക്കാന്‍ ഇഷ്ടമില്ല..’. ഇതുപറഞ്ഞു തീര്‍ന്നയുടനെ കടുതല്‍ സംസാരിക്കാന്‍ കഴിയാതെയായി. വിവരമറിഞ്ഞ പിതാവ് ഉടന്‍ പൊലീസിനെയും സുരക്ഷാവിഭാഗത്തെയും അറിയിച്ചു. അവര്‍ സ്ഥലത്തെത്തുമ്പോഴേക്കും അദ്ദേഹവും സ്ഥലത്തെത്തിയിരുന്നു. 5 മണിക്കൂര്‍ നേരത്തെ അധ്വാനത്തിനൊടുവില്‍ കാര്‍ കരക്കെടുത്തു. പക്ഷെ അതിനിടയില്‍ യുവ എഞ്ചിനീയര്‍ മരണപ്പെട്ടിരുന്നു. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് ദാരുണസംഭവമുണ്ടായത്. കടുത്ത മഞ്ഞുവീഴ്ചയില്‍ അന്തരീക്ഷം കാണാത്ത സ്ഥിതിയിലായിരുന്നു. ഡ്രെയിനേജിന്റെ ചെറിയമതില്‍ മാത്രമല്ല, വഴിപോലും കാണാനാവാത്ത തരത്തില്‍ അന്തരീക്ഷമാകെ പുകപടലം നിറഞ്ഞിരുന്നു. അപകടകരമായ ഡ്രെയിനേജിന്റെ അതിര് തിരിച്ചറിയുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്താതിരുന്ന അധികൃതരുടെ നടപടിയില്‍ ജനങ്ങള്‍ ക്ഷുഭിതരായി. ഏറെക്കാലമായി അപകടമേഖലയില്‍ മുന്നറിയിപ്പു അടയാളങ്ങള്‍ സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. യുവരാജ് മേത്ത എന്ന 27 കാരനാണ് അധികൃതരുടെ അനാസ്ഥയ്ക്ക് ജീവന്‍ നല്‍കേണ്ടിവന്നത്. അപകടമേഖലയില്‍ റിഫ്‌ളക്ടറുകളും മറ്റു മുന്നറിയിപ്പും ദൃശ്യങ്ങളും സ്ഥാപിക്കാതിരുന്ന അധികൃതര്‍ക്കെതിരെ യുവരാജിന്റെ കുടുംബം പരാതി നല്‍കി. പരാതി ലഭിച്ചയുടനെ 70 അടി ആഴമുള്ള മാലിന്യ നിക്ഷേപക്കുഴി അധികൃതര്‍ മണ്ണിട്ട് മൂടി. റോഡ് സൈഡില്‍ റിഫ്‌ളക്ടറുകളും സ്ഥാപിച്ചു.







