പയ്യന്നൂർ: ഓൺലൈൻ ഷെയർ ട്രേഡിംഗിലൂടെ വൻലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് പയ്യന്നൂർ സ്വദേശിയിൽ നിന്ന് 97.40 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ പ്രതി പിടിയിൽ. കോഴിക്കോട് മുക്കം സ്വദേശി കെ.പി. മുഹമ്മദ് സലീമിനെ (23) യാണ് സൈബർ പൊലീസ് പിടികൂടിയത്. വിദേശത്തായിരുന്ന പ്രതി നാട്ടിലേക്ക് വരുന്നതിനിടെ കോഴിക്കോട് വിമാനത്താവളത്തിൽ വെച്ചാണ് ആലക്കോട് സൈബർ ക്രൈം സ്റ്റേഷൻ ഇൻസ്പെക്ടർ കൃഷ്ണകുമാറും സംഘവും അറസ്റ്റ് ചെയ്തത്. പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര റോഡിലെ വി.വി. ഗണേശന്റെ പരാതിയിലാണ് നടപടി. ഷെയർ ട്രേഡിംഗിൽ പണം നിക്ഷേപിച്ചാൽ വൻ തുക ലാഭമായി ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് വാട്സാപ്പ് വഴിയാണ് പ്രതി പരാതിക്കാരനെ ബന്ധപ്പെട്ടത്. 2024 ജൂലൈ 3-നും ജൂലൈ 23-നും ഇടയിലുള്ള ദിവസങ്ങളിലാണ് പണം കൈമാറ്റം ചെയ്യപ്പെട്ടത്. പരാതിക്കാരന്റെ പയ്യന്നൂരിലെ രണ്ട് ബാങ്ക് അക്കൗണ്ടുകൾ വഴി പ്രതി നൽകിയ വിവിധ അക്കൗണ്ടുകളിലായി 97,40,000 രൂപ അയച്ചു നൽകിയതായി പരാതിയിൽ പറയുന്നു.എന്നാൽനിക്ഷേപിച്ച തുകയ്ക്ക് വാഗ്ദാനം ചെയ്ത ലാഭവിഹിതമോ നിക്ഷേപിച്ച മുതലോ തിരിച്ചു നൽകാതെ വന്നതോടെയാണ് താൻ വഞ്ചിക്കപ്പെട്ടതായി ഗണേശന് മനസ്സിലായത്. തുടർന്ന് ഇദ്ദേഹം പയ്യന്നൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പയ്യന്നൂർ പൊലീസ് അന്വേഷണത്തിനായി സൈബർ സെല്ലിന് കൈമാറി. സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ പ്രതി വിദേശത്താണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ഇയാൾക്കായി ലുക്ക് ഔട്ട് നോട്ടീസ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചു വരുന്നതിനിടെയാണ് പ്രതി നാട്ടിലേക്ക് വരുന്നതായി വിവരം ലഭിച്ചത്. വിമാനത്താവളത്തിൽ വെച്ച് പിടികൂടിയ പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ റിമാൻഡ് ചെയ്തു.







