ഗാന്ധിനഗര്‍: യുവതിയായ ഭാര്യ സ്വയം തീവച്ചു വെന്തുമരിക്കുന്നതിന്റെ ദൃശ്യം വികാര തീവ്രതയോടെ വീഡിയോയില്‍ പകര്‍ത്തിക്കൊണ്ടു നിന്ന ഭര്‍ത്താവിനെ പൊലീസ് അറസ്റ്റു ചെയ്തു. കുടുംബ വഴക്കിനെത്തുടര്‍ന്നാണ് 31 കാരിയായ പ്രതിമാദേവി ആത്മഹുതി ചെയ്തത്. ഭര്‍ത്താവ് രഞ്ജിത് സാഹ (33)ക്കെതിരെ ആത്മഹത്യക്കു പ്രേരിപ്പിച്ചതിനും ക്രൂരതക്കും ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗുജറാത്തിലെ സൂറത്തില്‍ ജനുവരി നാലിനായിരുന്നു കുടുംബ കലഹവും തീവയ്പും. ആ സമയത്ത് വീട്ടിലുണ്ടായിരുന്ന ഭര്‍ത്താവ് ഭാര്യയെ തീയില്‍ നിന്നു രക്ഷിക്കുന്നതിനു പകരം തീപിടിച്ചു വെപ്രാളപ്പെടുകയും വെന്തുരുകുകയും ചെയ്യുന്ന ഭാര്യയുടെ വീഡിയോ ഭാവ തീവ്രതയോടെ ചിത്രീകരിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ പ്രതിമാദേവി 12നു മരിച്ചു. മരിക്കുന്നതിന് ഒരു ദിവസം മുമ്പു പ്രതിമ പൊലീസിനു നല്‍കിയ മൊഴിയില്‍ താന്‍ സ്വയം തീവച്ചതാണെന്നു കുറ്റമേറ്റെടുത്തു. എന്നാല്‍ ഇവരുടെ സഹോദരന്‍, ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും നിരന്തര പീഡനമാണ് സഹോദരിയെ ആത്മഹുതിക്കു നിര്‍ബന്ധിതയാക്കിയതെന്നു കൂട്ടിച്ചേര്‍ത്തു.
ബിഹാര്‍ സ്വദേശികളായ ഇവര്‍ പ്രേമവിവാഹിതരായിരുന്നു. കുട്ടികളുടെ കാര്യം പറഞ്ഞു ഇവര്‍ പരസ്പരം പോരടിക്കുന്നതു പതിവായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. പ്രതിമ ദേഹത്ത് ഡീസല്‍ ഒഴിച്ചു സ്വയം തീവയ്ക്കുകയായിരുന്നു.







