കാസര്‍കോട്: ഭാര്യയ്ക്കു വീഡിയോ കോള്‍ ചെയ്ത ശേഷം യുവാവ് തൂങ്ങി മരിച്ചു. കര്‍ണ്ണാടക, ഷിമോഗ സ്വദേശിയും പുത്തിഗെ പഞ്ചായത്ത് ഓഫീസിനു സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ റിസ്‌വാന്‍ അലി (32)യാണ് മരിച്ചത്. മരം വെട്ട് ജോലി ചെയ്തു വരുന്ന ആളാണ് റിസ്‌വാന്‍ അലി. വെള്ളിയാഴ്ച രാത്രി ഭാര്യ ശമീമ ബാനുവിനു വീഡിയോ കോള്‍ ചെയ്ത് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരുന്നുവെന്നു പറയുന്നു. പിന്നീട് ഭാര്യ തിരിച്ച് ഫോണ്‍ ചെയ്തുവെങ്കിലും പ്രതികരണം ഉണ്ടായില്ല. വിവരം അറിഞ്ഞു പരിചയക്കാര്‍ എത്തിയപ്പോഴാണ് റിസ്‌വാന്‍ അലിയെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ താഴെ ഇറക്കി ജില്ലാ സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവമറിഞ്ഞ് ഭാര്യയും ബന്ധുക്കളും ശനിയാഴ്ച രാവിലെ കുമ്പളയില്‍ എത്തിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
അമീര്‍ജാന്‍- പ്യാരിജാന്‍ ദമ്പതികളുടെ മകനാണ് റിസ്‌വാന്‍ അലി. മക്കള്‍: സുനാന ഖാന്‍, മുഹമ്മദ് റസൂല്‍. സഹോദരങ്ങള്‍: ഇമ്രാന്‍ അലി, റഷ്മാബാനു, ബഷീറ ബാനു, ഷബാന ബാനു.







