കോഴിക്കോട്: ബേപ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ പി.വി അന്‍വര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായാണ് പ്രചാരണത്തിന് തുടക്കം കുറിച്ചിട്ടുള്ളത്. മണ്ഡലത്തില്‍ സജീവമായ പി.വി അന്‍വര്‍ ലീഗ്, കോണ്‍ഗ്രസ് നേതാക്കളുമായും സമുദായ നേതാക്കളുമായും കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് മണ്ഡലത്തില്‍ അനൗപചാരിക പ്രചാരണത്തിന് തുടക്കം കുറിച്ചു.
ബേപ്പൂരിലെ സാഹചര്യം വിലയിരുത്താനാണ് നേരിട്ട് സന്ദര്‍ശനം നടത്തിയതെന്ന് അന്‍വര്‍ പറഞ്ഞു. യുഡിഎഫ് നേതൃത്വത്തോട് മൂന്ന് സീറ്റുകളാണ് അന്‍വര്‍ ആവശ്യപ്പെട്ടിട്ടുള്ളതെന്നറിയുന്നു. ബേപ്പൂരിന് പുറമെ പൂഞ്ഞാറും തൃക്കരിപ്പൂരുമാണ് ഇവ. എന്നാല്‍ ഇക്കാര്യത്തില്‍ യുഡിഎഫ് നേതൃത്വം പ്രതികരിച്ചിട്ടില്ല.
ബേപ്പൂരില്‍ പി.വി.അന്‍വറിന് പിന്തുണയുമായി മുസ്ലിം ലീഗ് രംഗത്തെത്തിയിട്ടുണ്ട്. അന്‍വര്‍ മത്സരിക്കാനിറങ്ങിയാല്‍ സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലമായി ബേപ്പൂര്‍ മാറുമെന്നും വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചു കയറുമെന്നും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി. മായിന്‍ഹാജി പറഞ്ഞു. സംസ്ഥാന രാഷ്ട്രീയമാണ് ഇവിടെ പ്രധാന ചര്‍ച്ചയെന്ന് പറഞ്ഞ മായിന്‍ഹാജി മന്ത്രി മുഹമ്മദ് റിയാസിന്റെ സ്ഥാനാര്‍ത്ഥിത്വമോ വികസന പ്രവര്‍ത്തനങ്ങളോ ബേപ്പൂരില്‍ വെല്ലുവിളിയല്ലെന്ന് ചൂണ്ടിക്കാട്ടി.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനായിരുന്നു മണ്ഡലത്തില്‍ ഭൂരിപക്ഷം. മന്ത്രി മണ്ഡലമായിട്ടും തദ്ദേശ തെരഞ്ഞെടുപ്പില്‍ 1340 വോട്ടിന്റെ ലീഡേ എല്‍ഡിഎഫിനുള്ളു. കോണ്‍ഗ്രസ് മത്സരിക്കുന്ന ബേപ്പൂര്‍ അന്‍വറിന് വിട്ടുകൊടുക്കുന്നതില്‍ പാര്‍ട്ടിയിലോ മുന്നണിയിലോ കാര്യമായ എതിര്‍പ്പില്ലെന്നാണ് സൂചന. 28,747 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മുഹമ്മദ് റിയാസ് ജയിച്ചുകയറിയ മണ്ഡലത്തില്‍ നാലുപതിറ്റാണ്ടിനുശേഷം അന്‍വറിലൂടെ അട്ടിമറിയുണ്ടാകുമോയെന്ന് വോട്ടര്‍മാര്‍ കാത്തിരിക്കുന്നു.







