കാസര്‍കോട്: ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുംബഡാജെ, ആജിലയിലെ പുഷ്പലത വി ഷെട്ടി (72)കൊല്ലപ്പെട്ടത് പട്ടാപ്പകല്‍. അറസ്റ്റിലായ പ്രതി പെര്‍ഡാലയിലെ പരമേശ്വര എന്ന രമേശ് നായിക്കി (47)നെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ബുധനാഴ്ച വൈകുന്നേരം മൂന്നുമണിയോടെയായിരുന്നു കൊലപാതകം. വ്യാഴാഴ്ച രാവിലെയാണ് കൊലപാതക വിവരം നാട് അറിഞ്ഞത്. ഒറ്റപ്പെട്ട സ്ഥലത്തെ വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന പുഷ്പലതയെ കൊലപ്പെടുത്തിയത് കവര്‍ച്ചക്കാര്‍ ആയിരിക്കുമെന്നാണ് പൊലീസും നാട്ടുകാരും കരുതിയിരുന്നത്. ഈ സംശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഡിവൈ. എസ് പി സി കെ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി നാട്ടുകാരായ നിരവധി പേരെ പൊലീസ് സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ച് ചോദ്യം ചെയ്തിരുന്നു. ആജിലയിലും പരിസരത്തും മെഷീന്‍ ഉപയോഗിച്ച് കാടുവെട്ടുന്ന ജോലിക്കെത്തുന്ന പരമേശ്വരയെയും സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാന്‍ പൊലീസ് വിളിപ്പിച്ചത്.
ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടത്തില്‍ തന്നെ പരമേശ്വരയുടെ മൊഴിയില്‍ ഇടര്‍ച്ച ഉണ്ടായത് അന്വേഷണ സംഘത്തിന്റെ സംശയത്തിനു ഇടയാക്കി. തുടര്‍ന്ന് തിരിച്ചുംമറിച്ചും ചോദിച്ചപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിനു ഇടയാക്കിയതെന്നും കവര്‍ച്ച നടത്താന്‍ ആലോചിച്ചില്ലെന്നും പ്രതി മൊഴി നല്‍കി. പുഷ്പലതയുടെ കഴുത്തില്‍ നിന്നു കാണാതായ കരിമണിമാല പ്രതിയുടെ വീട്ടില്‍ നിന്നു കണ്ടെടുത്തതോടെയാണ് ഉണ്ടായ സംഭവങ്ങളെല്ലാം പ്രതി പൊലീസിനു മുന്നില്‍ തുറന്നു പറഞ്ഞത്. ഇതേകുറിച്ച് പൊലീസ് നല്‍കുന്ന വിവരങ്ങള്‍ ഇങ്ങിനെ-” കര്‍ണ്ണാടക, ഈശ്വരമംഗലം സ്വദേശിയാണ് പരമേശ്വര. വര്‍ഷങ്ങള്‍ക്കു മുമ്പാണ് പെര്‍ഡാലയില്‍ സ്ഥിര താമസം ആരംഭിച്ചത്.
ആജിലയിലും പരിസരങ്ങിലും മെഷീന്‍ ഉപയോഗിച്ച് കാടുവെട്ടുന്ന ജോലിക്ക് സ്ഥിരമായി എത്തിയിരുന്നത് രമേശ് നായിക് ആയിരുന്നു. ഇതുവഴി നാട്ടുകാരായ എല്ലാവരുമായി നല്ല ബന്ധമായിരുന്നു പ്രതിക്ക് ഉണ്ടായിരുന്നത്.
സംഭവദിവസം പുഷ്പലതയുടെ വീട്ടിനു സമീപത്തെ പറമ്പിലായിരുന്നു ജോലി. ഉച്ചയ്ക്ക് ജോലി നിര്‍ത്തി മെഷീന്‍ സ്ഥലത്തു തന്നെ വച്ച ശേഷം കുംബഡാജെയില്‍ നടന്ന ഒരു തെയ്യംകെട്ട് കാണാന്‍ പോയി. കാട് വെട്ടുന്ന യന്ത്രം എടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഒരു പാമ്പിനെ കണ്ടു. പേടി കാരണം യന്ത്രം എടുക്കാതെ സ്‌കൂട്ടറില്‍ തെയ്യം നടക്കുന്ന സ്ഥലത്തേയ്ക്കു തന്നെ പോയി. പറമ്പിന്റെ ഉമടയായ സ്ത്രീ തെയ്യം നടക്കുന്ന സ്ഥലത്താണ് ഉണ്ടായിരുന്നത്. പാമ്പിനെ കണ്ട വിവരം അവരെ അറിയിച്ചു. തുടര്‍ന്ന് സ്ത്രീയെയും കൂട്ടി പ്രതി സ്ഥലത്തെത്തി. ആ സമയത്ത് സ്ഥലത്ത് പാമ്പ് ഉണ്ടായിരുന്നില്ല. ആസമയത്ത് യന്ത്രം അവിടെ തന്നെ വച്ച് മടങ്ങി. ഇതിനിടയില്‍ പുഷ്പലതയുടെ വീട്ടു വളപ്പില്‍ എത്തിയപ്പോള്‍ അവരെ കണ്ടു. എവിടെ പോയതെന്നു ചോദിച്ചപ്പോല്‍ ഉണ്ടായ സംഭവങ്ങള്‍ പറഞ്ഞു.
എന്നാല്‍ അതു വിശ്വസിക്കാതെ പരിഹാസസ്വരത്തില്‍ നീരസം പ്രകടിപ്പിച്ചു. ഇതുകേട്ട് പ്രകോപനം വന്ന പുഷ്പലതയ്ക്ക് ഒരു അടി കൊടുത്തു. പുഷ്പലതയും തിരിച്ചടിച്ചു. പലതും വിളിച്ചുപറഞ്ഞ് കൊണ്ട് പിന്‍ഭാഗത്തെ വാതില്‍ വഴി പുഷ്പലത വീട്ടിനകത്തു കടന്നു. പ്രകോപിതനായ പ്രതിയും പിന്നാലെ വീട്ടിനകത്തേയ്ക്കു പോയി. തുടര്‍ന്ന് ഇരുവരും ഉന്തുംതള്ളും ഉണ്ടാവുകയും ഇതിനിടയില്‍ പുഷ്പലതയുടെ മൂക്കുപൊത്തിപിടിക്കുകയായിരുന്നുവെന്നും മൊഴി നല്‍കി. ബോധം പോയതിനു ശേഷമാണ് പുഷ്പലതയുടെ കഴുത്തില്‍ ഉണ്ടായിരുന്ന കരിമണിമാലയുമായി സ്‌കൂട്ടറില്‍ കടന്നു കളഞ്ഞത്.’
അതേസമയം കൊലപാതകം നാടിനെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ.് നാട്ടില്‍ ആദ്യമായി നടന്ന സംഭവത്തിന്റെ നടുക്കത്തിലാണ് നാട്ടുകാര്‍. ഡിവൈ എസ് പി സി കെ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ 24 മണിക്കൂറിനകം പ്രതിയെ പിടികൂടിയതിന്റെ ആശ്വാസത്തിലാണ് നാട്ടുകാരും പുഷ്പലതയുടെ ബന്ധുക്കളും. അന്വേഷണ സംഘത്തില്‍ ബദിയഡുക്ക പൊലീസ് ഇന്‍സ്‌പെക്ടര്‍ എ സന്തോഷ് കുമാര്‍, എസ് ഐ മാരായ സവ്യസാചി, പ്രസാദ്, എ എസ് ഐ മാരായ അബൂബക്കര്‍ കല്ലായി, പ്രസാദ്, സി പി ഒ മാരായ ഗോകുല്‍, ശ്രീജേഷ്, ശ്രുതി എന്നിവരും ഉണ്ടായിരുന്നു.






