ന്യൂഡല്‍ഹി: ലോകത്തെ ഭക്ഷണങ്ങള്‍ക്കും ആഭരണങ്ങള്‍ക്കും, ആതിഥ്യ മര്യാദയ്ക്കും ലോകത്ത് മുന്നില്‍ ഇന്ത്യയാണെന്ന് ഇന്ത്യ സന്ദര്‍ശിക്കുന്ന ഫ്രഞ്ച് വനിത ഫ്രെല്‍ഡവേ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു. ഇവയ്ക്ക് പുറമെ ഇന്ത്യയിലെ യാത്രാ സംവിധാനങ്ങളെയും മുടി സംരക്ഷണത്തേയും അവര്‍ പ്രശംസിച്ചു.
തൊഴിലുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ താമസിക്കുന്ന ഫ്രെല്‍ഡവേ കണ്ടന്റ് ക്രിയേറ്ററാണ്. സ്വന്തം രാജ്യമായ ഫ്രാന്‍സിനേക്കാള്‍ പല കാര്യങ്ങളിലും ഇന്ത്യ മികച്ചതാണെന്ന് ഫ്രെല്‍ഡവേ പറയുന്നു.
മിതമായ വിലയില്‍ രുചികരമായതും വൈവിധ്യമുള്ളതുമായ ഭക്ഷണം ഇവിടെ കിട്ടുമെന്നാണ് യുവതി പറയുന്നത്. ഇന്ത്യയുടെ തെരുവ് ഭക്ഷണ സംസ്‌കാരത്തെയും അവര്‍ പ്രശംസിച്ചു. വില്‍പനക്കാരോടുള്ള സൗഹൃദ സംഭാഷണങ്ങളിലൂടെയും പ്രാദേശിക പത്രങ്ങളിലൂടെയും ഭക്ഷണത്തെക്കുറിച്ചുള്ള സത്യസന്ധമായ റിവ്യു ലഭിക്കുമെന്ന് അവര്‍ പറയുന്നു. ഏതു സമയത്തും മിതമായ നിരക്കില്‍ തെരുവ് ഭക്ഷണം ലഭ്യമാകുന്നത് മികച്ച അനുഭവമാണെന്ന് യുവതി പറയുന്നു.
ഇന്ത്യയിലെ ആഭരണങ്ങളാണ് ഇവരെ ആകര്‍ഷിച്ച മറ്റൊരു കാര്യം. വര്‍ണാഭവും, സുന്ദരവുമായ ഇന്ത്യന്‍ ആഭരണങ്ങളോട് തനിക്ക് ആസക്തിയുണ്ടെന്നും നാളെ എന്ന ചിന്തയില്ലാതെ ജിമുക്കികള്‍, വളകള്‍, മോതിരങ്ങള്‍, മാലകള്‍ എന്നിവ വാങ്ങിക്കൂട്ടാറുണ്ടെന്നും ഇന്ത്യന്‍ ആഭരണങ്ങളുടെ മാക്‌സിമലിസത്തെ താന്‍ വല്ലാതെ ഇഷ്ടപ്പെടുന്നുണ്ടെന്നും യുവതി പറഞ്ഞു.
ഇന്ത്യയിലെ രാത്രി യാത്രാ സംവിധാനങ്ങള്‍ ലോകമാതൃകയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ദീര്‍ഘദൂര യാത്രകള്‍ക്ക് സ്ലീപ്പര്‍ ബസുകളും ട്രെയിനുകളും അനുയോജ്യമാണെന്ന് ഇവര്‍ പറയുന്നു. ഫ്രാന്‍സിലെ ഫ്‌ളിക്‌സ്ബസ് സംവിധാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇവിടുത്തെ ഗതാഗതം മികച്ചതാണെന്ന് അവര്‍ പറയുന്നു. സാധ്യമാകുമ്പോഴെല്ലാം വിമാനങ്ങള്‍ ഒഴിവാക്കാനും റോഡ് വഴിയുള്ളതോ ട്രെയിന്‍ വഴിയുള്ളതോ ആയ യാത്ര തിരഞ്ഞെടുക്കാനും അവര്‍ ആളുകളെ പ്രോത്സാഹിപ്പിച്ചു.
മുടി സംരക്ഷണമാണ് ഇന്ത്യയെ വേറിട്ടുനിര്‍ത്തുന്ന മറ്റൊരു ആകര്‍ഷണമായി യുവതിക്ക് തോന്നിയിട്ടുള്ളത്. ഇന്ത്യയിലെ പെണ്‍കുട്ടികളെയും അവരുടെ അമ്മമാരെയും യാതൊരു തയാറെടുപ്പുകളുമില്ലാതെ ഷാംപുവിന്റെ പരസ്യത്തില്‍ അഭിനയിപ്പിക്കാന്‍ കഴിയുമെന്നും അവരുടെ പരമ്പരാഗത മുടി സംരക്ഷണ രീതി കൊണ്ട് സ്വാഭാവിക തിളക്കമുള്ള, കട്ടിയുള്ള മുടിയാണ് ഇന്ത്യയിലുള്ളവര്‍ക്കെന്നും യുവതി പറയുന്നു. സ്വന്തം ഫ്രഞ്ച് മുടിയെ പരിഹസിച്ചു കൊണ്ടാണ് അവര്‍ ഇന്ത്യക്കാരുടെ എണ്ണ തേച്ചുള്ള കേശ സംരക്ഷണത്തെ പുകഴ്ത്തിയത്.
ഇന്ത്യയുടെ ആതിഥ്യ മര്യാദയെക്കുറിച്ച് വളരെ വൈകാരികമായാണ് യുവതി സംസാരിച്ചത്. ഇന്ത്യയിലെ ആളുകള്‍ വളരെ സ്‌നേഹത്തോടെ അവരുടെ വീട്ടിലേക്ക് തന്നെ സ്വാഗതം ചെയ്യാറുണ്ടെന്നാണ് യുവതി പറയുന്നത്. ഇവിടെ താമസിച്ച് ഭക്ഷണവും സംസ്‌കാരവും പങ്കിടാന്‍ കഴിഞ്ഞതും, ഭക്ഷണം സമ്മാനമായി സ്വീകരിക്കാന്‍ അവസരം ലഭിച്ചതുമെല്ലാം മനോഹരമായ ഓര്‍മകളാണെന്ന് അവര്‍ പറഞ്ഞു. ഫ്രാന്‍സിലെത്തുന്ന വിദേശികളോട് ദയയോടെയും തുറന്ന മനസ്സോടെയും പെരുമാറണമെന്നാണ് ഇതില്‍ നിന്ന് എനിക്ക് പറയാനുള്ളതെന്ന് യുവതി പറയുന്നു.
വിദേശ വനിതയുടെ വീഡിയോ വളരെ പെട്ടെന്നാണ് വൈറലായത്. നമ്മുടെ രാജ്യത്തെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുകയും അതിനെ അഭിനന്ദിക്കുകയും ചെയ്തതിന് നിരവധി പേരാണ് യുവതിക്ക് നന്ദി പറഞ്ഞത്. ഇന്ത്യയിലുള്ളവര്‍ തന്നെ സ്വന്തം രാജ്യത്തെ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്ത് വിമര്‍ശിക്കുമ്പോഴാണ് ഒരു വിദേശ വനിത നമ്മുടെ രാജ്യത്തെ കുറിച്ച് അഭിമാനത്തോടെ പറയുന്നത് എന്നാണ് കൂടുതല്‍ പേരും കുറിച്ചത്.
‘കേരളത്തിലേക്ക് പോകൂ, നിങ്ങള്‍ക്ക് ഭക്ഷണവും ആതിഥ്യമര്യാദയും വ്യത്യസ്തമായ ഒരു തലത്തില്‍ കാണാന്‍ കഴിയും.’ എന്നാണ് ഒരു ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് കുറിച്ചത്.







