ന്യൂഡല്‍ഹി: ഏപ്രില്‍ മാസത്തോടെ ഇ.പി.എഫ്.ഒ വരിക്കാര്‍ക്ക് യുപിഐ പേയ്മെന്റ് ഗേറ്റ്വേ വഴി പ്രൊവിഡന്റ് ഫണ്ടില്‍ നിന്ന് (ഇ.പി.എഫ്) നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റാനും എടിഎം കാര്‍ഡ് ഉപയോഗിച്ച് പിന്‍വലിക്കാനും കഴിയുന്ന സൗകര്യമൊരുക്കുന്നു. ഇ.പി.എഫിന്റെ ഒരു നിശ്ചിത വിഹിതമൊഴിച്ച് ബാക്കി പണം അക്കൗണ്ടിലൂടെ പിന്‍വലിക്കാന്‍ കഴിയുന്നതരത്തിലാണ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. വരിക്കാര്‍ക്ക് ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് യോഗ്യമായ ഇ.പി.എഫ് ബാലന്‍സ് കാണാന്‍ കഴിയുമെന്നതാണ് മറ്റൊരു സൗകര്യം.
എട്ട് കോടി അംഗങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന ഈ സംവിധാനം സുഗമമായി നടപ്പിലാക്കുന്നതിനായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ സോഫ്റ്റ്വെയര്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ചുകൊണ്ടിരിക്കുകയാണ്. നിലവില്‍, ഇ.പി.എഫ്.ഒ അംഗങ്ങള്‍ക്ക് അവരുടെ ഇ.പി.എഫ് പണം പിന്‍വലിക്കാന്‍ പരമ്പരാഗതമായ മാര്‍ഗം മാത്രമാണുള്ളത്. ഈ ഓട്ടോ-സെറ്റില്‍മെന്റ് മോഡിന്റെ പരിധി നിലവിലുള്ള ഒരു ലക്ഷം രൂപയില്‍ നിന്ന് 5 ലക്ഷം രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. രോഗം, വിദ്യാഭ്യാസം, വിവാഹം, ഭവന ആവശ്യങ്ങള്‍ എന്നിവയ്ക്കായി മൂന്ന് ദിവസത്തിനുള്ളില്‍ പണം ലഭ്യമാക്കാന്‍ ഇത് സഹായിക്കും.
ഇ.പി.എഫ് പിന്‍വലിക്കലിനായി പ്രതിവര്‍ഷം 5 കോടിയിലധികം ക്ലെയിമുകള്‍ തീര്‍പ്പാക്കപ്പെടാന്‍ സമയമെടുക്കുന്നതിനാലും ഇ.പി.എഫ്.ഒയുടെ ഭാരം കുറയ്ക്കുന്നതിനുമാണ് പുതിയ സംവിധാനം ആവിഷ്‌കരിക്കുന്നത്. ഇ.പി.എഫ്.ഒയ്ക്ക് ബാങ്കിംഗ് ലൈസന്‍സുകള്‍ ഇല്ലാത്തതിനാല്‍ ഇ.പി.എഫ് അക്കൗണ്ടുകളില്‍ നിന്ന് നേരിട്ട് പണം പിന്‍വലിക്കാന്‍ അംഗങ്ങളെ അനുവദിക്കാന്‍ കഴിയില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.







