ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള ചര്‍ച്ചകളില്‍ സജീവമായിരിക്കുകയാണ് മുന്നണികള്‍. ഇത്തവണ മുന്നണികള്‍ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥികളെ പരിഗണിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ഇപ്പോള്‍ ബിജെപിയില്‍ നിന്ന് അത്തരമൊരു വാര്‍ത്തയാണ് പുറത്തുവരുന്നത്. ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയാകുമെന്നാണ് വാര്‍ത്ത. ഇതേക്കുറിച്ച് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനോട് ചോദിച്ചപ്പോള്‍ വളരെ രസകരമായ മറുപടിയാണ് അദ്ദേഹം നല്‍കിയത്.
‘ഇത്തവണ സഞ്ജു സാംസണ്‍ ബിജെപിക്കു വേണ്ടി മത്സരിക്കുന്നുണ്ടെന്ന് കേട്ടല്ലോ’ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന്, ‘എന്നോട് ആരും ചോദിച്ചിട്ടില്ല, എനിക്കൊന്നുമറിയില്ല’ എന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ മറുപടി. തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം.
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടികയ്ക്ക് ഈ മാസം അന്തിമരൂപമാകുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. 6570 പേര്‍ പട്ടികയിലുണ്ടാകും. 30നു മുന്‍പ് ഇത് ഡല്‍ഹിയിലേക്ക് അയയ്ക്കും. വികസനത്തിന്റെ രാഷ്ട്രീയമാണ് ബിജെപി മുന്നോട്ടുവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ നടന്‍ ഉണ്ണി മുകുന്ദന്റെ പേരും ഇത്തരത്തില്‍ ഉയര്‍ന്നുവന്നിരുന്നു. പാലക്കാട് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉണ്ണി മുകുന്ദനെ പരിഗണിക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്.







