തിരുവനന്തപുരം: പുതുവര്‍ഷത്തില്‍ കേരളത്തിന് നാല് പുതിയ ട്രെയിനുകള്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ. പുതുതായി പ്രഖ്യാപിച്ച അമൃത് ഭാരത് ട്രെയിനുകളിലെ മൂന്ന് സര്‍വീസുകളും ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചറുമാണ് കേരളത്തിന് അനുവദിച്ചത്. അടുത്തയാഴ്ച തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ ട്രെയിനുകള്‍ ഫ്ളാഗ് ഓഫ് ചെയ്യും. കേരളത്തിന് പുറമെ തമിഴ്നാടിന് കൂടി രണ്ട് ട്രെയിനുകള്‍ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ ഫ്ളാഗ് ഓഫും പ്രധാനമന്ത്രി നിര്‍വഹിക്കും.
ജോലി, പഠനം, കുടുംബ ആവശ്യങ്ങള്‍ എന്നിവയ്ക്കായി ദീര്‍ഘദൂര യാത്ര ചെയ്യുന്നവര്‍ക്ക് താങ്ങാനാവുന്ന വിലയില്‍ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുക എന്നതാണ് റെയില്‍വേയുടെ ലക്ഷ്യം. താങ്ങാനാവുന്ന വിലയില്‍ ദീര്‍ഘദൂര യാത്ര ചെയ്യുന്ന പുതിയ വിഭാഗമാണ് അമൃത് ഭാരത് എക്‌സ്പ്രസ്. ദീര്‍ഘദൂര യാത്ര ചെയ്യുന്ന, ബജറ്റ് സൗഹൃദ നിരക്കുകള്‍ ഇഷ്ടപ്പെടുന്ന യാത്രക്കാരെ ലക്ഷ്യം വച്ചുള്ള ലോക്കോമോട്ടീവ്-ഹോള്‍ഡ്, നോണ്‍-എസി സര്‍വീസുകളാണിവ. പ്രീമിയം ട്രെയിനുകള്‍ അല്ലെങ്കിലും, നവീകരിച്ച ഇരിപ്പിടങ്ങള്‍, മികച്ച ടോയ്ലറ്റുകള്‍, ആധുനിക സുരക്ഷാ സവിശേഷതകള്‍ എന്നിവയോടെയാണ് ഇവ വരുന്നത്.
തിരുവനന്തപുരം-താംബരം, തിരുവനന്തപുരം-ഹൈദരാബാദ്, നാഗര്‍കോവില്‍-മംഗളൂരു എന്നീ അമൃത് ഭാരത് ട്രെയിനുകളാണ് കേരളത്തിന് അനുവദിച്ചിരിക്കുന്നത്. ഒപ്പം ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചറുമുണ്ട്. നാഗര്‍കോവില്‍-ചര്‍ലാപ്പള്ളി, കോയമ്പത്തൂര്‍-ധന്‍ബാദ് അമൃത് ഭാരത് എന്നിവയാണ് തമിഴ്നാടിന് ലഭിക്കുക.
ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാത വൈദ്യുതീകരണവും റെയില്‍വേ പാസാക്കിയിട്ടുണ്ട്. ഒപ്പം അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിച്ച 11 സ്റ്റേഷനുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. കേരളത്തില്‍ കുറ്റിപ്പുറം, ചങ്ങനാശ്ശേരി, ഷൊര്‍ണൂര്‍ സ്റ്റേഷനുകള്‍ ഇത്തരത്തില്‍ അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിച്ചവയാണ്. ഗുരുവായൂര്‍-തൃശ്ശൂര്‍ പാസഞ്ചര്‍ ദിവസവും സര്‍വീസ് നടത്തും. വൈകീട്ട് 6.10-ന് ഗുരുവായൂരില്‍നിന്ന് പുറപ്പെട്ട് 6.50-ന് തൃശ്ശൂരിലെത്തും. തൃശ്ശൂരില്‍നിന്ന് രാത്രി 8.10-ന് പുറപ്പെട്ട് 8.45-ന് ഗുരുവായൂരിലെത്തും.







