കാസര്‍കോട്: ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുംബഡാജെ, മൗവ്വാര്‍, അജിലയിലെ വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയുടെ മരണത്തില്‍ ദുരൂഹത ഏറുന്നു. കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. ഇന്ന് (വെള്ളിയാഴ്ച)പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കുന്ന പോസ്റ്റുമോര്‍ട്ടത്തില്‍ മരണകാരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കു കൂട്ടല്‍.
മൗവ്വാര്‍ അജിലയിലെ പരേതനായ വെങ്കപ്പഷെട്ടിയുടെ ഭാര്യ പുഷ്പലത വി ഷെട്ടി (72)യെ വ്യാഴാഴ്ച രാവിലെയാണ് വീട്ടിനകത്തു മരിച്ച നിലയില്‍ കാണപ്പെട്ടത്. ബംഗ്‌ളൂരുവില്‍ താമസിക്കുന്ന സഹോദരി പുത്രി വംഷ (25)യാണ് പുഷ്പലതയുടെ മരണം സംബന്ധിച്ച് ബദിയഡുക്ക പൊലീസില്‍ പരാതി നല്‍കിയത്. വിവരമറിഞ്ഞ് ഇന്‍സ്‌പെക്ടര്‍ എ സന്തോഷ് കുമാര്‍, എസ് ഐ സവ്യസാചി എന്നിവരുടെ നേതൃത്വത്തില്‍ പൊലീസെത്തി പരിശോധിച്ചപ്പോള്‍ നിലത്തു കിടക്കുന്ന നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. പ്രാഥമിക പരിശോധനയില്‍ കഴുത്തു ഞെരുക്കിയതായി സംശയം ഉണ്ടായി. മുഖത്തു കാണപ്പെട്ട മുറിവുകളും മരണത്തില്‍ ദുരൂഹത ഉയര്‍ത്തി. മരണത്തില്‍ സംശയം ഉണ്ടെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടതോടെയാണ് മൃതദേഹം പരിയാരത്ത് പോസ്റ്റ് മോര്‍ട്ടം നടത്താന്‍ തീരുമാനിച്ചത്.
വീട്ടിനകത്തെ അലമാരയില്‍ കൂടുതല്‍ സ്വര്‍ണ്ണവും പണവും; നഷ്ടമായത് കരിമണിമാലമാത്രം
വര്‍ഷങ്ങളായി അജിലയിലെ പഴയ വീട്ടില്‍ തനിച്ചാണ് പുഷ്പലത താമസം. ഒറ്റപ്പെട്ട സ്ഥലത്ത് ഓടിട്ട വീടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും പ്ലാസ്റ്റിക്ക് ഷീറ്റ് കൊണ്ട് മൂടിയ നിലയിലാണ്. ഇടയ്ക്കിടെ പരാതിക്കാരി ഉള്‍പ്പെടെ ഉള്ള ബന്ധുക്കള്‍ ഫോണില്‍ ബന്ധപ്പെടാറുണ്ട്.
പുഷ്പലതയുടെ കഴുത്തില്‍നിന്നു കരിമണിമാല നഷ്ടപ്പെട്ടിട്ടുണ്ട്. അതേസമയം നാലിലേറെ സ്വര്‍ണ്ണവളകളും പണവും വീട്ടിനകത്തെ അലമാരയില്‍ ഉണ്ടായിരുന്നു. പുഷ്പലതയുടെ മരണത്തിനു പിന്നില്‍ കവര്‍ച്ചക്കാരാണെങ്കില്‍ അലമാരയിലെ സ്വര്‍ണ്ണവും പണവും എടുക്കുമായിരുന്നില്ലേ എന്നാണ് ബന്ധുക്കളും നാട്ടുകാരും ചോദിക്കുന്നത്. ഈ സംശയം അന്വേഷണ സംഘം ശരിവയ്ക്കുന്നുമുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി സ്ഥലത്ത് എത്തിച്ച പൊലീസ് നായ വീടിന്റെ മുന്‍ ഭാഗത്തു നിന്നും മണം പിടിച്ച ശേഷം പിന്‍ഭാഗത്തു തുറന്നു വച്ച നിലയില്‍ കാണപ്പെട്ട വാതില്‍ വഴിയാണ് അകത്തു കടന്നത്. മൃതദേഹത്തില്‍ നിന്നും മണം പിടിച്ച നായ പുറത്തിറങ്ങി നടന്ന് റോഡുവരെ എത്തി അനങ്ങാതെ നില്‍ക്കുകയായിരുന്നു. ആരെങ്കിലും പുഷ്പലതയുടെ വീട്ടില്‍ എത്തിയിരിക്കാമെന്ന സംശയമാണ് പൊലീസ് നായയുടെ നീക്കത്തില്‍ അന്വേഷണസംഘത്തിനുള്ളത്.
കവര്‍ച്ചക്കാരെന്നു വരുത്തി തീര്‍ക്കാന്‍ ആസൂത്രിത ശ്രമമെന്ന് സംശയം
പുഷ്പലതയുടെ മരണത്തിനു പിന്നില്‍ കവര്‍ച്ചക്കാരാണെന്നു വരുത്തി തീര്‍ക്കാന്‍ ആസൂത്രിത ശ്രമം നടന്നതായും സംശയം. കരിമണിമാല മോഷ്ടാക്കള്‍ കൊണ്ടുപോയതാണെന്നു വരുത്തി തീര്‍ക്കാനുള്ള ശ്രമം നടന്നതായും സംശയിക്കുന്നു. മോഷ്ടാക്കള്‍ ആണെങ്കില്‍ അലമാര തുറന്ന് മറ്റു സ്വര്‍ണ്ണാഭരണങ്ങളും പണവും കൊണ്ടുപോകുമായിരുന്നില്ലേ എന്നാണ് അന്വേഷണസംഘത്തിന്റേയും നാട്ടുകാരുടെയും സംശയം. പിന്‍ഭാഗത്തെവാതില്‍ തുറന്നു കിടന്നതും സംശയത്തിനു ഇടയാക്കുന്നു. അന്വേഷണത്തിന്റെ ഭാഗമായി സൈബര്‍ പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്.







