കോയമ്പത്തൂര്‍: പുതിയ കാറിനു കണ്ണേറു തട്ടാതിരിക്കാന്‍ ചെറുനാരങ്ങ അയല്‍വീട്ടിലേക്ക് എറിഞ്ഞതിനെ ചൊല്ലിയുള്ള തര്‍ക്കം കൂട്ടത്തല്ലില്‍ കലാശിച്ചു. കോയമ്പത്തൂര്‍ കാരമട പെരിയപ്പുതൂരിലാണു സംഭവം നടന്നത്. പ്രദേശവാസിയായ നവീന്‍ കുമാര്‍ വാങ്ങിയ പുതിയ കാറിനു കണ്ണേറ് തട്ടാതിരിക്കാന്‍ നാരങ്ങ പലഭാഗത്തേക്കും എറിയുന്നത് പതിവായിരുന്നു. ഇത് വീഴുന്നത് അയല്‍വാസിയായ പൊന്നുസ്വാമിയുടെ ഭൂമിയിലായിരുന്നു. മൂന്നുദിവസം തുടര്‍ച്ചയായി നാരങ്ങാ കഷണം വീടിന് മുന്നില്‍ വീണപ്പോള്‍ പൊന്നുസ്വമി നവീന്‍ കുമാറിനെ ചോദ്യം ചെയ്തു. വാക്കേറ്റമായതോടെ ബന്ധുക്കളും പ്രശ്‌നം ഏറ്റുപിടിച്ചു. ഇതോടെ കൂട്ടത്തല്ലായി. സംഭവത്തിന്റെ വിഡിയോവും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. നവീന്‍ കുമാറിനെ വളഞ്ഞിട്ടു തല്ലുന്ന ദൃശ്യങ്ങള്‍ ഇയാള്‍ തന്നെയാണു പുറത്തുവിട്ടത്. ഇതോടെ കാരമട പൊലീസ് സ്റ്റേഷനില്‍ പരാതിയെത്തി. പ്രശ്‌നം കോടതി കയറാതെ പുറത്തുവച്ചുതന്നെ തീര്‍ക്കണമെന്നു പൊലീസ് നിര്‍ദേശിച്ചു.
പ്രദേശത്തെ മുതിര്‍ന്നവര്‍ ഇടപെട്ടതോടെ പ്രശ്‌നം രമ്യമായി പരിഹരിക്കാമെന്നു തീരുമാനിച്ചിട്ടുണ്ട്.







