ടെഹ്‌റാന്‍: ആഭ്യന്തര പ്രക്ഷോഭം ആളിപ്പടരുന്ന ഇറാനില്‍ വ്യോമപാത അടച്ചതോടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ പ്രതിസന്ധിലായി. പരമോന്നത നേതാവ് ആയത്തുള്ള ഖമേനിക്കെതിരായ പ്രതിഷേധങ്ങളും അമേരിക്കയുമായുള്ള സംഘര്‍ഷങ്ങളുമാണ് വ്യോമപാത അടച്ചിടാനിടയാക്കിയിട്ടുള്ളത്. ഇതോടെ യൂറോപ്പിലേക്കും പശ്ചിമേഷ്യയിലേക്കുമുള്ള വിമാന സര്‍വീസുകള്‍ താറുമാറായി. വിമാന കമ്പനികള്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്യുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഇറാന്‍ വ്യോമപാത അടച്ചുകൊണ്ടുള്ള നോട്ടീസ് പുറപ്പെടുവിച്ചത്.
ജോര്‍ജിയയിലെ ടിബിലിസിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് വന്ന ഇന്‍ഡിഗോ വിമാനമാണ് ഇറാന്‍ വ്യോമപാത വഴി ഏറ്റവും ഒടുവില്‍ കടന്നുപോയ വിദേശ വിമാനമെന്ന് ഫ്‌ളൈറ്റ് ട്രാക്കിംഗ് വിവരങ്ങള്‍ സൂചിപ്പിക്കുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ 2:35-നാണ് ഈ വിമാനം ഇറാന് മുകളിലൂടെ പറന്നത്. തൊട്ടുപിന്നാലെ രാജ്യം വ്യോമപാത പൂര്‍ണ്ണമായും അടച്ചു.
വ്യോമപാത അടച്ചതിന് പിന്നാലെ ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, സ്‌പൈസ് ജെറ്റ് വിമാനക്കമ്പനികള്‍ തങ്ങളുടെ യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പല വിമാനങ്ങളും വടക്കോ തെക്കോ ദിശകളിലൂടെ വഴിതിരിച്ചുവിടുന്നതിനാല്‍ യാത്രാസമയം കൂടും. വഴിതിരിച്ചുവിടാന്‍ സാധിക്കാത്ത വിമാനങ്ങള്‍ എയര്‍ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക തിരികെ നല്‍കുകയോ മറ്റൊരു ദിവസത്തേക്ക് മാറ്റുകയോ ചെയ്യുമെന്ന് ഇന്‍ഡിഗോ അറിയിച്ചു. വിമാനത്താവളത്തിലേക്ക് തിരിക്കും മുന്‍പ് അതത് വിമാനക്കമ്പനികളുടെ വെബ് സൈറ്റ് വഴിയോ ആപ്പ് വഴിയോ ഫ്‌ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കേണ്ടതാണെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ഇറാനില്‍ ഡിസംബര്‍ 28ന് തുടങ്ങിയ പ്രക്ഷോഭങ്ങളില്‍ ഇതുവരെ 2,400-ലധികം ആളുകള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പ്രക്ഷോഭകാരികളെ അടിച്ചമര്‍ത്തുന്നത് തുടര്‍ന്നാല്‍ ഇറാനെ ആക്രമിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഖത്തറിലെ തങ്ങളുടെ ഏറ്റവും വലിയ സൈനിക താവളത്തില്‍ നിന്ന് അമേരിക്ക ഉദ്യോഗസ്ഥരെ മാറ്റിയതും ഇറാന്‍ വ്യോമപാത അടച്ചതും നോക്കി കാണുമ്പോള്‍ ഒരു അമേരിക്കന്‍ സൈനിക നീക്കം ഉടന്‍ ഉണ്ടായേക്കാമെന്ന് വിദേശ നിരീക്ഷകര്‍ ഭയപ്പെടുന്നു. ഇറാന്‍ ഒരു തന്ത്രപ്രധാനമായ പാതയിലായതിനാല്‍, ഈ നിയന്ത്രണം ആഗോള വ്യോമഗതാഗതത്തെയും വിമാന ടിക്കറ്റ് നിരക്കിനെയും വരും ദിവസങ്ങളില്‍ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഇന്ത്യക്കാര്‍ ഇറാന്‍ വിടാനും അവിടെ യാത്ര ചെയ്യുന്നത് ഒഴിവാക്കാനും കേന്ദ്രസര്‍ക്കാര്‍ പൗരന്‍മാരോട് ആഹ്വാനം ചെയ്തു. സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളും പ്രകടനക്കാര്‍ക്കെതിരായ അടിച്ചമര്‍ത്തലും കണക്കിലെടുത്ത് രാജ്യത്തെ സുരക്ഷാ സ്ഥിതി വഷളായതിനാല്‍ എത്രയും പെട്ടെന്ന് ഇന്ത്യയിലേക്ക് മടങ്ങാനും പൗരന്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.







