കാസർകോട്: വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ വായോധികന്റെ മൃതദേഹം വിദഗ്ധ പോസ്റ്റുമോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ചോയ്യങ്കോട്ടെ ആദ്യകാല ഓട്ടോ ഡ്രൈവർ കെ.കൃഷ്ണനെ (68)യാണ് ബുധനാഴ്ച ഉച്ചയോടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന കൃഷ്ണനെ രണ്ടു ദിവസമായി പുറത്തെങ്ങും കാണാത്തതിനാൽ അയൽവാസികൾ ചെന്ന് നോക്കിയപ്പോഴാണ് വീട്ടിൽ മരിച്ചു കിടക്കുന്ന നിലയിൽ കാണപ്പെട്ടത്. മൃതദേഹത്തിന് രണ്ട് ദിവസത്തിലധികം പഴക്കമുണ്ട്. മരണകാരണം ഹൃദയാഘാതമാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നീലേശ്വരം പ്രിൻസിപ്പൽ എസ് ഐ ജി ജിഷ്ണു ഇൻക്വസ്റ്റ് നടത്തി. ഭാര്യ: പരേതയായ വി.സുശീല. മക്കൾ: കെ.ശ്രീജേഷ് (എറണാകുളം ), ഡോ.കെ.ശ്രീഷ്മ. മരുമകൻ: വി ആശിഷ് (കേരള ഗ്രാമീൺ ബാങ്ക് മുള്ളേരിയ ).







