കാസര്‍കോട്: കാസര്‍കോട്ട് ഏറെ കോളിളക്കങ്ങള്‍ക്ക് ഇടയാക്കിയ കൊലപാതകക്കേസില്‍ വിചാരണ നടപടികള്‍ ആരംഭിക്കുന്നു. കാസര്‍കോട് ബാറിലെ പ്രമുഖ അഭിഭാഷകനും ബി എം എസ് ജില്ലാ വൈസ് പ്രസിഡണ്ടുമായിരുന്ന അഡ്വ. പി സുഹാസി (38)നെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണയാണ് തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയത്. കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സുഹാസിന്റെ മാതാവ് പ്രേമ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അഡ്വ. പി പ്രേമരാജനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചുകൊണ്ടുള്ള നടപടി ഉണ്ടായത്.
ആദ്യം പി എസ് ശ്രീധരന്‍ പിള്ളയെയാണ് കേസില്‍ സെപ്ഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചിരുന്നത്. അദ്ദേഹം ഗവര്‍ണ്ണറായി നിയമിതനായതോടെ ജോസഫ് തോമസിനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചുവെങ്കിലും അദ്ദേഹം രാജി വച്ച് ഒഴിഞ്ഞു. ഇതേ തുടര്‍ന്നാണ് പുതിയ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സുഹാസിന്റെ മാതാവ് പ്രേമ ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം നാടിനെ നടുക്കിയ കൊലക്കേസില്‍ സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണം അവസാനഘട്ടത്തിലെത്തി. ഒരു മാസത്തിനകം കുറ്റപത്രം കോടതിയില്‍ ഹാജരാക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. കേസിലെ ആറുപത്രികള്‍ക്കെതിരെ നേരത്തെ കുറ്റപത്രം നല്‍കിയിരുന്നു. ഏഴാം പ്രതിയെ കണ്ടാല്‍ അറിയാമെന്ന് ആദ്യത്തെ കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. പ്രസ്തുത പ്രതിയെ തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പിയായ ടി മധുസൂദനന്‍ നായര്‍ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയതും അംഗീകരിച്ചതും.
2008 ഏപ്രില്‍ 17ന് വൈകുന്നേരമാണ് ഫോര്‍ട്ട് റോഡിലെ വക്കീല്‍ ഓഫീസിനു മുന്നില്‍ വച്ച് സുഹാസിനു കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ നിലയില്‍ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.







