കാസര്‍കോട്: ദേശീയ പാതയിലെ കുമ്പള ടോള്‍ പ്ലാസയിലെ ടോള്‍ പിരിവിനെതിരെ എ കെ എം അഷ്‌റഫ് എം എല്‍ എയുടെ നേതൃത്വത്തില്‍ ജനകീയ സമരം ആരംഭിച്ചതിനു പിന്നാലെ ടോള്‍ പിരിവ് നാലുമണിക്കൂര്‍ നേരം നിര്‍ത്തിവച്ചു. രാവിലെ 10 മണിയോടെ നിർത്തിയ ടോള്‍ പിരിവ് ഉച്ചയ്ക്ക് രണ്ട് മണിക്ക് കൂടുതല്‍ പൊലീസ് ടോള്‍ പ്ലാസയില്‍ എത്തി സുരക്ഷ ശക്തമാക്കിയതോടെയാണ് പുനഃരാരംഭിച്ചത്.
അതേസമയം തിങ്കളാഴ്ച ആക്ഷന്‍ കമ്മിറ്റി നടത്തിയ ടോള്‍ബൂത്ത് ഉപരോധ സമരത്തില്‍ പങ്കെടുക്കാതിരുന്ന സി പി എം പ്രവർത്തകരും നേതാക്കളുo ചൊവ്വാഴ്ച്ച ആരംഭിച്ച അനിശ്ചിത കാല സമരത്തില്‍ സജീവമായി പങ്കെടുത്തു. സി പി എം ഏരിയാ സെക്രട്ടറി സി എ സുബൈര്‍ ആണ് സത്യാഗ്രഹ സമരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സ്വാഗതം ആശംസിച്ചത്. സമരത്തില്‍ ഉപരോധ സമര ത്തിൽ പങ്കെടുക്കാതിരുന്നത് വ്യാപകമായ പ്രചരണത്തിന് ഇടയാക്കിയിരുന്നു. കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുല്‍ഖാദര്‍ ഹാജി ആധ്യക്ഷം വഹിച്ച യോഗത്തിൽ അനിശ്ചിത കാല സമരം എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു.







