പത്തനംതിട്ട: ബലാത്സംഗക്കേസില്‍പ്പെട്ട് ജയിലില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിന്തുണച്ച് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ. ഫേസ്ബുക്ക് ലൈവിലൂടെയാണ് ശ്രീനാദേവി രാഹുലിന് പിന്തുണയുമായെത്തിയത്. പെണ്‍കുട്ടിയുടെ പരാതിയില്‍ പലയിടത്തും സംശയമുണ്ടെന്ന് പറഞ്ഞ ശ്രീനാദേവി അതിജീവിതയ്‌ക്കൊപ്പം നില്‍ക്കുമ്പോള്‍ തന്നെ ‘അതിജീവിതന്റെ’ ഭാഗം കൂടി കേള്‍ക്കണമെന്നും പറഞ്ഞു. രാഹുലിനൊപ്പം താന്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി.
പീഡനത്തിനുശേഷം ചെരുപ്പ് വാങ്ങി നല്‍കിയെന്നും പ്രതി ഫ്‌ളാറ്റ് വാങ്ങാന്‍ ശ്രമിച്ചുവെന്നുമുള്ള മൊഴികള്‍ സംശയം തോന്നിപ്പിക്കുന്നുണ്ടെന്ന് ശ്രീനാദേവി ചൂണ്ടിക്കാട്ടി. സ്ത്രീകള്‍ കുടുംബബന്ധങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം. വിവാഹിതരാണെങ്കില്‍ ആ ബന്ധത്തിന് വില കല്‍പ്പിക്കണമെന്നും അവര്‍ പറഞ്ഞു.
രാഹുല്‍ കുറ്റക്കാരനാണോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. പ്രഥമദൃഷ്ട്യാ തെറ്റ് കണ്ടതുകൊണ്ടാകാം പൊലീസ് അറസ്റ്റ് ചെയ്തത്. സത്യം പുറത്തുവരുന്നത് വരെ രാഹുലിനെ ക്രൂശിക്കരുതെന്നും ശ്രീനാദേവി അഭ്യര്‍ത്ഥിച്ചു.
ശ്രീനാദേവിയുടെ വാക്കുകള്‍:
രാഹുലിനെതിരായ ആദ്യത്തെ ബലാത്സംഗ പരാതിയില്‍ പീഡന ആരോപണം നിലനില്‍ക്കില്ലെന്ന് കോടതി തന്നെ പറഞ്ഞിട്ടുണ്ട്. രണ്ടാമത്തെ കേസിലും കോടതി സംശയം പ്രകടിപ്പിച്ചിട്ടുള്ളതാണ്. മൂന്നാമത്തെ പരാതിയില്‍ പെണ്‍കുട്ടി ഉപദ്രവിക്കപ്പെട്ടു എന്ന് കേള്‍ക്കുമ്പോള്‍ വേദനയുണ്ട്. എന്നാല്‍, പീഡനത്തിനു ശേഷം ചെരുപ്പ് വാങ്ങി നല്‍കിയെന്നും പ്രതി ഫ്‌ളാറ്റ് വാങ്ങാന്‍ ശ്രമിച്ചുവെന്നുമുള്ള മൊഴികള്‍ സ്വാഭാവികമായും സംശയം തോന്നിപ്പിക്കുന്നു. സ്ത്രീകള്‍ കുടുംബബന്ധങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം. വിവാഹിതരാണെങ്കില്‍ ആ ബന്ധത്തിന് വില കല്‍പ്പിക്കണം.
രാഹുല്‍ കുറ്റക്കാരനാണോ എന്നു കോടതി തീരുമാനിക്കട്ടെ. പ്രഥമദൃഷ്ട്യാ തെറ്റ് കണ്ടതുകൊണ്ടാകാം പൊലീസ് അറസ്റ്റ് ചെയ്തത്. സത്യം പുറത്തുവരുന്നത് വരെ അദ്ദേഹത്തെ ക്രൂശിക്കരുത്. മാധ്യമങ്ങള്‍ ഇല്ലാത്ത കഥകള്‍ പടച്ചുവിടുന്നുണ്ടോ എന്ന് പരിശോധിക്കണം. അതിജീവിതന്മാര്‍ക്കൊപ്പം നില്‍ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ഇരുപക്ഷത്തിനും തുല്യ പരിഗണന ലഭിക്കണം – ശ്രീനാദേവി കുഞ്ഞമ്മ ഫെയ്‌സ്ബുക് ലൈവില്‍ പറഞ്ഞു. നേരത്തെ സിപിഐ വിട്ട് കോണ്‍ഗ്രസിലെത്തിയ ശ്രീനാദേവി മുന്‍പും രാഹുലിനെ പിന്തുണച്ചിരുന്നു.






