കാമുകനുമൊന്നിച്ച് ജീവിക്കാമെന്ന മോഹവുമായി അസമില്‍ നിന്നും ട്രെയിന്‍ കയറി കേരളത്തിലെത്തിയ 14 കാരിയെ കാത്തിരുന്നത് പൊലീസ്

കൊച്ചി: കാമുകനുമൊന്നിച്ച് കേരളത്തില്‍ ജീവിക്കാമെന്ന മോഹവുമായി അസമില്‍ നിന്നും ട്രെയിന്‍ കയറി കൊച്ചിയിലെത്തിയ 14 കാരിയെയും കാമുകനേയും ബന്ധുക്കളേയും പൊലീസ് പിടികൂടി. അസം പൊലീസ് വിവരം നല്‍കിയതിനെ തുടര്‍ന്ന് ഇവിടെ കാത്തിരുന്ന റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സാണ് പെണ്‍കുട്ടിയേയും കൂടെയുണ്ടായിരുന്ന കാമുകന്‍ അടക്കമുള്ള ബന്ധുക്കളെയും പിടികൂടിയത്.

അസമിലെ സദര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ കാമുകനൊപ്പം ജീവിക്കാമെന്ന് പറഞ്ഞാണ് പ്രതികള്‍ കേരളത്തിലേക്ക് കൊണ്ടുവന്നത്. പെണ്‍കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ അസം പൊലീസ് കേരള പൊലീസിന് വിവരം കൈമാറുകയായിരുന്നു.

ഞായറാഴ്ച വൈകുന്നേരമാണ് സംഘം ആലുവ റെയില്‍വെ സ്റ്റേഷനിലെത്തിയത്. ട്രെയിന്‍ ഇറങ്ങിയപ്പോള്‍ തന്നെ അവിടെ കാത്തിരുന്ന റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ഇവരെ പിടികൂടുകയും ചെയ്തു. അസം നാഗോണ്‍ റംഗാലു സ്വദേശിയായ പെണ്‍കുട്ടിയുടെ കാമുകന്‍ സദ്ദാം ഹുസൈന്‍, ബന്ധു ഹബീബുല്‍ റഹ്‌മാന്‍, ഭാര്യ അഫ്‌സാന ബീഗം എന്നിവരാണ് പിടിയിലായത്. ബന്ധുവിന്റെ കൈക്കുഞ്ഞും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. എല്ലാവരെയും ആലുവ പൊലീസിന് കൈമാറിയെങ്കിലും അസമില്‍ കേസ് ഉള്ളതിനാല്‍ ഇവിടെ കേസെടുത്തിട്ടില്ല.

ചൊവ്വാഴ്ച അസം പൊലീസ് എത്തിയ ശേഷം കോടതിയുടെ അനുമതിയോടെ ഇവരെ കൈമാറുമെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ക്കെതിരെ അസം സദര്‍ പൊലീസ് പോക്‌സോ, തട്ടികൊണ്ടുപോകല്‍ ഉള്‍പ്പെടെയുള്ള കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടിയെയും യുവതിയെയും കുഞ്ഞിനെയും താത്കാലികമായി സ്ത്രീകളെ സംരക്ഷിക്കുന്ന കേന്ദ്രത്തിലേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു. മറ്റ് രണ്ട് പ്രതികളും ആലുവ പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. ഇവര്‍ നേരത്തെ പെരുമ്പാവൂര്‍ ഭാഗത്ത് ജോലി ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page