കാസര്‍കോട്: കാസര്‍കോട്- മംഗ്‌ളൂരു ദേശീയപാതയിലെ കുമ്പള ടോള്‍പ്ലാസയില്‍ യൂസര്‍ ഫീ പിരിക്കുന്നതില്‍ പ്രതിഷേധിച്ച് എ കെ എം അഷ്‌റഫ് എം എല്‍ എയുടെ നേതൃത്വത്തിലുള്ള ജനകീയ സമരം ആരംഭിച്ചു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അസീസ് കളത്തൂര്‍, പ്രത്വുരാജ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഷ്‌റഫ് കര്‍ളെ, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സമരത്തില്‍ പങ്കെടുക്കുന്നു. അനിശ്ചിതകാല സമരം കണക്കിലെടുത്ത് സ്ഥലത്ത് കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി കെ മുകുന്ദന്റെ നേതൃത്വത്തില്‍ ശക്തമായ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമരം ആരംഭിക്കുന്നതിനു തൊട്ടു മുമ്പ് സമരക്കാരും ടോള്‍ഗേറ്റ് അധികൃതരും തമ്മില്‍ നേരിയ വാക്കു തര്‍ക്കം ഉണ്ടായി.
ടോള്‍ പിരിക്കുന്നതില്‍ പ്രതിഷേധിച്ച് ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച ടോള്‍ ബൂത്ത് ഉപരോധിച്ച് ദേശീയപാതയിലെ ഗതാഗതം തടഞ്ഞിരുന്നു. എം എല്‍ എ അടക്കമുള്ളവരെ അറസ്റ്റു ചെയ്തു നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
ദേശീയപാതയില്‍ രണ്ടു ടോള്‍ പ്ലാസകള്‍ തമ്മിലുള്ള ദൂര വ്യത്യാസം 60 കിലോമീറ്റര്‍ ആയിരിക്കണമെന്നാണ് ചട്ടം. എന്നാല്‍ കുമ്പളയിലെയും തലപ്പാടിയിലെയും ടോള്‍ബൂത്തുകള്‍ തമ്മില്‍ 22 കിലോമീറ്റര്‍ ദൂരമേയുള്ളൂ. ഇത് അന്യായമാണെന്നും അനധികൃത പിരിവ് അവസാനിപ്പിക്കണമെന്നുമാണ് ആക്ഷന്‍ കമ്മിറ്റിയുടെ നിലപാട്. ടോള്‍ പിരിവിനെതിരെ ആക്ഷന്‍ കമ്മിറ്റി നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.







