തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരള കോണ്‍ഗ്രസ് എം ഇടതുമുന്നണി വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ പാര്‍ട്ടി നയം വ്യക്തമാക്കി ചെയര്‍മാന്‍ ജോസ് കെ മാണി. രാഷ്ട്രീയ നിലപാട് സംബന്ധിച്ച് ഇപ്പോള്‍ പുറമേ നടക്കുന്ന ചര്‍ച്ചകള്‍ക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് ജോസ് കെ മാണി പ്രതികരിച്ചു. കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാട് പലവട്ടം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണെന്നും പാര്‍ട്ടി ഒറ്റക്കെട്ടായി തീരുമാനമെടുത്ത് മുന്നോട്ടുപോകുമെന്നും ജോസ് കെ മാണി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
ഒഴിവാക്കാനാവാത്ത ചില സ്വകാര്യ ആവശ്യങ്ങള്‍ ഉള്ളതിനാലാണ് കേരളത്തിന് പുറത്ത് ഇപ്പോള്‍ യാത്ര ചെയ്യേണ്ടി വരുന്നത്. ഇക്കാരണത്താലാണ് തിരുവനന്തപുരത്ത് ഇടതുമുന്നണി സംഘടിപ്പിച്ച സമരപരിപാടിയില്‍ പങ്കെടുക്കാതിരുന്നതും. ഈ വിവരം മുന്നണി നേതാക്കളെ അറിയിച്ചിരുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു. താന്‍ പങ്കെടുത്തില്ലെങ്കിലും പാര്‍ട്ടിയിലെ മറ്റെല്ലാ എംഎല്‍എമാരും പരിപാടിയില്‍ പങ്കെടുത്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.







