ബെംഗ്ലൂരു: മണിമണിയായി കന്നഡ സംസാരിച്ച് കാണികളെ കയ്യിലെടുത്ത ജാപ്പനീസ് വനിതയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. സമൂഹമാധ്യമങ്ങളില്‍ മയോ എന്ന പേരില്‍ അറിയപ്പെടുന്ന ജാപ്പനീസ് കണ്ടന്റ് ക്രിയേറ്ററാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ കാണികളെ കയ്യിലെടുത്തത്. ബെംഗളൂരുവില്‍ നടന്ന ആനിമേഷന്‍ പരിപാടിക്കിടെയാണ് സംഭവം.
ബെംഗളൂരുവിലെ ജനങ്ങളെ അവരുടെ പ്രാദേശിക ഭാഷയില്‍ അഭിസംബോധന ചെയ്ത് കാണികളോട് ചില ചോദ്യങ്ങളും മയോ ചോദിച്ചു. ഏറെ ആവേശത്തോടെയായിരുന്നു കാണികള്‍ മറുപടി നല്‍കിയത്. ഇഷ്ടഭക്ഷണമേതാണെന്നുള്ള മയോയുടെ ചോദ്യത്തിന് മസാല ദോശ എന്നായിരുന്നു കാണികളുടെ മറുപടി.
പുറം നാട്ടില്‍ നിന്നുമെത്തി അവരുടെ ഭാഷ സംസാരിച്ച് കാണികളെ കയ്യിലെടുത്ത മയോയെ തേടി അഭിനന്ദന പ്രവാഹമാണ് എത്തുന്നത്. കന്നഡ ഭാഷ സംസാരിക്കാന്‍ ഇനിയും പരിശീലനം ആവശ്യമാണെന്ന് പറഞ്ഞ് പിന്നീട് ഹിന്ദിയിലായിരുന്നു അവര്‍ സംസാരിച്ച് തുടങ്ങിയത്. പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും യുവതി പറഞ്ഞു. മയോ കന്നഡയും ഹിന്ദിയും ഇംഗ്ലീഷും നന്നായി സംസാരിക്കുന്നത് വീഡിയോയില്‍ കാണാം.
‘ഇന്ന് ബെംഗളൂരുവില്‍ ഒരു ആനിമേഷന്‍ പരിപാടി ഉണ്ടായിരുന്നു. എന്നെ ക്ഷണിച്ചതിന് നന്ദി. അതേ, ഇവിടുത്തെ ദോശ അതിശയകരമായിരുന്നു.’ എന്ന കുറിപ്പോടെയാണ് യുവതി വീഡിയോ പങ്കുവച്ചത്. ആയിരക്കണക്കിനാളുകളാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ വീഡിയോ കണ്ടത്. ബഹുമുഖ പ്രതിഭയുള്ള പെണ്‍കുട്ടി എന്നാണ് വീഡിയോയ്ക്ക് താഴെ ചിലര്‍ കുറിച്ചത്. പല ഭാഷകള്‍ കൈകാര്യം ചെയ്യുന്നത് വലിയൊരു കാര്യമാണെന്ന് പറഞ്ഞ് അഭിനന്ദിക്കുന്നവരുമുണ്ട്.







