ഭോപ്പാല്‍: എട്ടു വര്‍ഷമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ച ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. ഭാര്യ സുമിത്ര ചൗഹാന്റെ കൊലപാതകത്തില്‍ മാധവ് ചൗഹാന്‍ എന്നയാളാണ് അറസ്റ്റിലായത്. മധ്യപ്രദേശിലെ ഇന്‍ഡോര്‍ എയറോഡ്രോം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കുടുംബം താമസിക്കുന്നത്. എട്ടു വര്‍ഷമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഭാര്യ വിസമ്മതിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് ചോദ്യം ചെയ്യലില്‍ മാധവ് മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.
ഭാര്യയുടെ മരണത്തിന് കാരണം അസുഖമാണെന്നാണ് ഇയാള്‍ ബന്ധുക്കളെയും പ്രദേശവാസികളെയും വിശ്വസിപ്പിച്ചിരുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം ശ്വാസംമുട്ടിയാണെന്ന് തെളിഞ്ഞിരുന്നു. ഇതോടെയാണ് ഇയാളുടെ കള്ളത്തരം പൊളിഞ്ഞത്. സംശയത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണമാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചത്. ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുണ്ട്.
ചോദ്യം ചെയ്യലിനിടെ മാധവ് പലതവണ മൊഴി മാറ്റിയതായി പൊലീസ് പറഞ്ഞു. ബോധരഹിതയായി കിടന്ന ഭാര്യയെ താന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്നാണ് പൊലീസിനോട് ആദ്യം പറഞ്ഞത്. ഇതില്‍ സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെ കൊലപാതക വിവരം പുറത്തുപറയുകയായിരുന്നു. കഴിഞ്ഞ എട്ടുവര്‍ഷമായി സുമിത്ര ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും ഒഴിഞ്ഞുമാറുകയാണ്. ദമ്പതികള്‍ തമ്മില്‍ പലപ്പോഴും വഴക്കിന് കാരണമാകുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം രാത്രി വഴക്കിനിടെ സുമിത്രയെ മര്‍ദിച്ചപ്പോള്‍ ബോധരഹിതയായി വീഴുകയായിരുന്നുവെന്നും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു എന്നുമാണ് മാധവ് പൊലീസിനോട് പറഞ്ഞത്. കൊലപാതകവുമായി ബന്ധപ്പെട്ട് മാധവിനെ കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.






