മുംബൈ: തന്റെ ആദ്യത്തെ ബാറ്റുമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട് മലയാളി ക്രിക്കറ്റ് താരം സജന സജീവന്‍. അടുത്തിടെ മുംബൈ ഇന്ത്യന്‍സ് സംഘടിപ്പിച്ച ഒരു പരിപാടിയിലാണ് വേദിയിലേക്ക് തെങ്ങിന്റെ മടല്‍ കൊണ്ടുവന്ന് തന്റെ ബാല്യകാല ഓര്‍മകള്‍ താരം പങ്കുവെച്ചത്. തന്റെ ആദ്യത്തെ ബാറ്റ് തെങ്ങിന്റെ മടലുകൊണ്ടുണ്ടാക്കിയതാണെന്നും നമ്മുടെ നാട്ടിലെല്ലാം കുട്ടികളടക്കമുള്ളവര്‍ ക്രിക്കറ്റ് കളിക്കാനായി ഇത്തരം ബാറ്റുകളാണ് ഉണ്ടാക്കിയിരുന്നതെന്നും സജന പറഞ്ഞിരുന്നു. തന്റെ നാട്ടില്‍ ക്രിക്കറ്റ് കളിക്കുന്ന ഏക പെണ്‍കുട്ടി താനായിരുന്നുവെന്നും ഒപ്പം കളിക്കാന്‍ ആണ്‍കുട്ടികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും സജന പറഞ്ഞു. മുംബൈ ഇന്ത്യന്‍സ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഇതിന്റെ വീഡിയോ വൈറലാണ്.
നിലവില്‍ വനിതാ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനായി കളിക്കുകയാണ് സജന. ക്രിക്കറ്റിനെ ഏറെ ഇഷ്ടപ്പെട്ടിരുന്ന നയന്റീസ് കിഡ്സിന് പൊതുവെ ഒരു ക്രിക്കറ്റ് ബാറ്റ് എന്നത് സ്വപ്നം മാത്രമായിരുന്നു. തെങ്ങിന്റെ മടലും മരക്കഷ്ണവുമൊക്കെയാണ് അക്കാലത്തെ കുട്ടികള്‍ ക്രിക്കറ്റ് ബാറ്റായി ഉപയോഗിച്ചിരുന്നതെന്നും സജന പറഞ്ഞു.
ഇത്തവണ വനിതാ പ്രീമിയര്‍ ലീഗിലെ ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ മികച്ച പ്രകടനമാണ് സജന നടത്തിയത്. ആറാമതായി ക്രീസിലെത്തിയ സജന 25 പന്തില്‍ 45 റണ്‍സെടുത്ത് ടോപ് സ്‌കോററായിരുന്നു. ഇത്തവണ 75 ലക്ഷം രൂപയ്ക്കാണ് സജനയെ മുംബൈ സ്വന്തമാക്കിയത്. ഓള്‍റൗണ്ടറായ സജന വലംകൈ ബാറ്ററും ഓഫ് സ്പിന്നറുമാണ്.







